തിരുവനന്തപുരം: സംസ്ഥാനത്തെ അധികാരത്തിന്റെ കാര്യത്തിൽ ചട്ടപ്രകാരവും ഭരണഘടനാപരമായും താൻ ഒരുപടി മുകളിലാണെന്ന് അവകാശവാദം നടത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ചു സിപിഎം മുഖപത്രം. ദേശാഭിമാനിയുടെ മുഖപ്രസംഗത്തിലാണു ഗവർണറെ ശക്തമായ ഭാഷയിൽ വിമർശിക്കുന്നത്.
ആരിഫ് മുഹമ്മദ് ഖാൻ പദവിയുടെ വലിപ്പം തിരിച്ചറിയാത്തവിധം രാഷ്ട്രീയ പ്രസ്താവങ്ങൾ നടത്തി. സർക്കാരുമായുണ്ടായ തെറ്റിദ്ധാരണ ഗവർണർ വിവാദമാക്കുകയുമാണ്. രാഷ്ട്രീയ നിയമനമായ ഗവർണർ സ്ഥാനവും തെരഞ്ഞെടുക്കപ്പെട്ട സർക്കാരും തമ്മിലുള്ള വ്യത്യാസം മനസിലാക്കാതെ സംസ്ഥാനത്തിന്റെ കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് താനാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചുപോയതാണെന്നും മുഖപ്രസംഗം പരിഹസിച്ചു.
ആരും ഭരണഘടനയ്ക്ക് അതീതരല്ലെന്നാണ് ഗവർണർ ആവർത്തിക്കുന്നത്. ഗവർണറെ അറിയിക്കാതെ സുപ്രീംകോടതിയിൽ സ്യൂട്ട് നൽകിയതാണ് കാരണമായി അദ്ദേഹം പറയുന്നത്. എന്നാൽ സർക്കാരിന്റെ എല്ലാ തീരുമാനവും ഗവർണറെ അറിയിക്കണമെന്ന് ഭരണഘടനയിലില്ല. മന്ത്രിസഭാ തീരുമാനങ്ങൾ അറിയിക്കാനുള്ള ഭരണഘടനാ ബാധ്യത മാത്രമേ മുഖ്യമന്ത്രിക്കുള്ളൂ. ഗവർണർക്ക് സംസ്ഥാനത്തിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാനേ കഴിയില്ലെന്നും എഡിറ്റോഡിയൽ പറയുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ സഭാപ്രമേയം നിയമപരമാണ്. ചട്ടങ്ങളും കീഴ്വഴക്കങ്ങളും അനുസരിച്ചാണ് അത് പാസാക്കിയതും. പ്രമേയം പാസാക്കുംമുന്പ് ഗവർണറെ അറിയിക്കണമെന്നില്ല. സഭ ചേരാൻ സർക്കാർ ഇതുവരെ തീരുമാനിച്ചിട്ടില്ല. സഭ വിളിക്കുകയാണെങ്കിൽ ഗവർണറെ വിവരം അറിയിക്കും. അതിനുമുന്പ് സമ്മേളനം വരാനുണ്ടെന്ന് എങ്ങനെ പറയാനാകുമെന്നും സിപിഎം മുഖപത്രം ചോദിക്കുന്നു