തിരുവനന്തപുരം: ഒരു ദേശീയ ദിനപത്രത്തിൽ വന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖത്തിലെ പരാമർശത്തിൽ മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ പോര് കനക്കുന്നു. പത്രം നൽകിയ വിശദീകരണം അടിസ്ഥാനമാക്കി വീണ്ടും മുഖ്യമന്തിക്കു കത്ത് അയക്കാൻ ഒരുങ്ങുകയാണ് രാജ്ഭവൻ.
താൻ അത്തരമൊരു പരാമർശം നടത്തിയിട്ടില്ലെന്ന് പത്രം തന്നെ പറഞ്ഞിട്ടും ഗവർണർ ഈ വിഷയം ഉയർത്തുന്നതിൽ എതിർപ്പ് പ്രകടമാക്കി മുഖ്യമന്ത്രി രാജ് ഭവന് കത്തയച്ചിരുന്നു. എന്നാൽ പരാമർശം തെറ്റെങ്കിൽ എന്ത് നടപടി എടുത്തു എന്ന് വിശദീകരിക്കണമെന്ന് വീണ്ടും അയയ്ക്കുന്ന കത്തിൽ ഗവർണർ ആവശ്യപ്പെടും എന്നാണ് അറിയുന്നത്
. അതേസമയം ഈ വിഷയത്തിൽ ഗവർണർ വീണ്ടും മുന്നോട്ടു പോവുകയാണെങ്കിൽ മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തി മറുപടി പറഞ്ഞേക്കും.മലപ്പുറത്തെ സ്വർണക്കടത്തും ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പണം രാജ്യവിരുദ്ധ ഇടപെടലിന് ഉപയോഗിക്കുന്നു എന്ന പരാമർശമാണ് പത്രത്തിലെ അഭിമുഖത്തിൽ ഉണ്ടായിരുന്നത്.
അഭിമുഖത്തിൽ ഉൾപ്പെടുത്തിയത് താൻ പറയാത്ത കാര്യങ്ങളാണ് എന്ന് മുഖ്യമന്ത്രി പിന്നീട് വ്യക്തമാക്കി. എന്നാൽ പറയാത്ത കാര്യങ്ങൾ ഉൾപ്പെടുത്തിയ പത്രത്തിനെതിരെയും ഉൾപ്പെടുത്താൻ നിർദ്ദേശം നൽകിയ പി ആർ ഏജൻസിക്കെതിരേയും കേസെടുക്കാൻ സർക്കാർ തയാറായില്ല എന്നതാണ് ഗവർണർക്ക് കിട്ടിയ ആയുധം.
വിവരങ്ങള് എല്ലാം അറിയിച്ചിട്ടുണ്ടെന്നും അറിയിക്കുന്നതില് ബോധപൂര്വമായ വീഴ്ചയില്ലെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നൽകിയ കത്തില് വ്യക്തമാക്കിയിരുന്നു. മലപ്പുറം പരാമര്ശ വിവാദത്തില് ഗവര്ണറുടെ കത്തിലെ ആക്ഷേപങ്ങള് അനാവശ്യമാണ്. അടിസ്ഥാനമില്ലാത്ത ആക്ഷേപത്തില് പ്രതിഷേധമുണ്ട്. ഈ വിഷയത്തില് ദേശവിരുദ്ധതയുണ്ടെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല.
വസ്തുതകളെ ഗവര്ണര് തെറ്റായി വ്യാഖ്യാനിച്ചു. സ്വര്ണക്കടത്ത് പിടിക്കാത്തത് കേന്ദ്ര അന്വേഷണ ഏജന്സിയുടെ വീഴ്ചയാണെന്നും മുഖ്യമന്ത്രി ഗവര്ണര്ക്ക് അയച്ച കത്തില് പറയുന്നു. സ്വര്ണക്കടത്ത് തടയാന് സംസ്ഥാന സര്ക്കാരാണ് ജാഗ്രത പാലിക്കുന്നത്. സ്വര്ണക്കടത്ത് തടയുന്നതില് കേരളാ പോലീസിനെ സഹായിക്കാന് കേന്ദ്ര സര്ക്കാര് തയാറാകണം.
ഇക്കാര്യം കേന്ദ്ര സര്ക്കാരിനെ ഗവര്ണര് അറിയിക്കണമെന്നും മുഖ്യമന്ത്രി കത്തില് പറഞ്ഞു. മുഖ്യമന്ത്രിയെയും സംസ്ഥാനത്തെയും ഇരുട്ടില് നിര്ത്താനാണ് ഗവര്ണര് ശ്രമിച്ചതെന്നും വിഷയത്തില് കൂടുതല് സംവാദം ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രിയുടെ കത്തിലുണ്ട്.
കഴിഞ്ഞ ദിവസമാണ് സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട് വിശദീകരണം നല്കാന് ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ട് എത്തണമെന്നും വിവരങ്ങള് കൈമാറണമെന്നും ഗവര്ണര് ആവശ്യപ്പെട്ടത്. ഇതിന് തയാറല്ലെന്ന് സര്ക്കാര് അറിയിച്ചതോടെയാണ് ഗവര്ണര് അതിരൂക്ഷമായ ഭാഷയില് മുഖ്യമന്ത്രിക്ക് കത്തയച്ചത്. ഈ കത്തിനാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.