വെമ്പായം: ഭാര്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭർത്താവ് രാജേഷ് കൊടുംക്രിമിനലാണെന്ന് പോലീസ്. ഇയാൾക്കെതിരെ 14 ക്രിമിനൽ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
നിരവധി പേരുകളിൽ അറിയപ്പെടുന്ന ഇയാളെ പ്രദീപ് എന്ന് നാട്ടുകാർ വിളിക്കുമ്പോൾ റാവുത്തർ എന്ന പേരിലാണ് സിറ്റിയിൽ അറിയപ്പെടുന്നത്.
തിരുവല്ലം, വഞ്ചിയൂർ, പേട്ട എന്നീ സ്റ്റേഷനുകളിലാണ് കേസുകൾ ഉള്ളത്. തിരുവല്ലം സ്റ്റേഷനിൽ കയറി എസ്ഐ ഉൾപ്പെടെയുള്ളവരെ അടിച്ച കേസിലെ പ്രതി കൂടിയാണ് ഇയാൾ.
സ്ത്രീകൾക്ക് നേരെയുളള അതിക്രമത്തിന് മൂന്നു കേസും, വധശ്രമത്തിന് നാലു കേസും നിലവിലുണ്ട്. സ്ത്രീകളെ വിവാഹ വാഗ്ദാനം നൽകി പണം തട്ടുന്നത് ഇയാളുടെ സ്ഥിരം പതിവാണെന്ന് പോലീസ് പറഞ്ഞു.
ആദ്യ കല്യാണം കഴിഞ്ഞു മക്കളുള്ളപ്പോഴാണ് വട്ടപ്പാറ പ്രശാന്ത് നഗറില്‍ ആര്യാ ഭവനില്‍ ആര്യാദേവനെ(23) കല്യാണം കഴിക്കുന്നത്. ആര്യയെ കഴിഞ്ഞ ദിവസം രാത്രിയിൽ വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവായ തിരുവല്ലം പാച്ചല്ലൂര്‍ കുമിളി ലൈനില്‍ വത്സലാഭവനില്‍ രാജേഷ് കുമാര്‍(പ്രദീപ് ,32) നെ പോലിസ് അറസ്റ്റ് ചെയ്തത്. ആര്യയെ വിവാഹം കഴിച്ചതിനുശേഷം ഭര്‍ത്താവിന്റെ ആദ്യ ഭാര്യയുടെ പേരില്‍ ഇരുവരും നിത്യവും വഴക്കായിരുന്നു.
കുറച്ചു നാളായി ആര്യയും ഇരട്ടകളായ മക്കളും അച്ഛനോടൊപ്പമാണ് കഴിഞ്ഞിരുന്നത്. മൂന്ന് ആഴ്ച്ചമുമ്പ് രാത്രിയില്‍ രാജേഷ് ആര്യയുടെ വീട്ടിലെത്തി ബഹളം വച്ചിരുന്നു.
ആര്യയുടെ വീട് പണയപ്പെടുത്തി രാജേഷിന് മൂന്നുലക്ഷം രൂപ നൽകിയിരുന്നു. രാജേഷ് തുക മുഴുവൻ ദൂർത്തടിച്ചതായും അതിനുശേഷം വീണ്ടും പണം ആവശ്യപ്പെട്ടതായും വീട്ടുകാർ പറയുന്നു.