കാട്ടാക്കട : അരിക്കൊമ്പന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും പങ്കു വച്ച് തമിഴ്നാട് വനം വകുപ്പ്. അരിക്കൊമ്പൻ അവശനെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പുതിയ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
ആന തീറ്റയെടുക്കുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടത്. അപ്പർ കോതയാർ മേഖലയിൽ തുടരുന്ന ആന ആരോഗ്യവാനാണെന്നും വ്യാജവാർത്തകൾ വിശ്വസിക്കരുതെന്നും വനംവകുപ്പ് വ്യക്തമാക്കി.
അരിക്കൊമ്പന്റെ അടുത്ത് മറ്റ് ആനകളുടെ കൂട്ടവുമുണ്ട്. പുതിയ സാഹചര്യവുമായി ആന പൂർണ്ണമായും ഇണങ്ങിയെന്ന് വനംവകുപ്പ് വിശദീകരിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചക്ക് ശേഷം ആദ്യമായാണ് അരിക്കൊമ്പന്റെ ദൃശ്യങ്ങൾ പുറത്തുവരുന്നത്. തമിഴ്നാട്ടിലെ കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ കഴിയുന്ന അരിക്കൊമ്പൻ ആരോഗ്യവാനാണെന്ന് കളക്കാട് കടുവാസങ്കതം ഡെപ്യൂട്ടി ഡയറക്ടർ എസ്.സെമ്പകപ്രിയ വിശദമാക്കിയിരുന്നു.
ക്ഷീണിച്ചെന്ന നിലയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച അരിക്കൊമ്പന്റെ ചിത്രം ജൂൺ 10 ന് എടുത്തതാണ്. ആന നിൽക്കുന്നതിന് 100 മീറ്റർ അകലെ നിന്നാണ് ആ ദൃശ്യം പകർത്തിയത്. അതിനാലാണ് മെലിഞ്ഞതായി തോന്നുന്നതെന്നും കളക്കാട് കടുവാസങ്കതം ഡെപ്യൂട്ടി ഡയറക്ടർ എസ് സെമ്പകപ്രിയ പറയുന്നു.
അതിനിടെ തിരുവനന്തപുരം വൈൽഡ് ലൈഫ് അധികൃതർ ആനയുടെ സഞ്ചാരപഥം പരിശോധിക്കുന്നുണ്ട്. ആന കേരളത്തിലേക്കുള്ള ആനത്താരയ്ക്ക് സമീപമാണ് ഉള്ളതെന്ന് അവർ പറയുന്നു.
കൂടുതൽ വിവരങ്ങൾ അവർ പങ്ക് വയ്ക്കുന്നില്ല. അതിർത്തിയിൽ വനപാലകരെ നിയോഗിച്ചിട്ടുണ്ട്.അതിനിടെ, അരിക്കൊമ്പനുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ വീണ്ടും ഹർജിയുമെത്തി.
അരികൊമ്പന് ഇനി മയക്കുവെടി വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് വാക്കിങ് ഐ ഫൗണ്ടേഷൻ എന്ന സംഘടനയാണ് ഹർജി ഫയൽ ചെയ്തത്. അരികൊമ്പനെ മയക്കുവെടിവെക്കരുതെന്നതിനൊപ്പം ചികിത്സ ഉറപ്പാണമെന്ന ആവശ്യവും ഹർജിയിലുണ്ട്.