കോട്ടൂര് സുനില്
കാട്ടാക്കട: അരിക്കൊമ്പന് കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്കു കടന്നതായി സൂചന. റേഡിയോ കോളര് സന്ദേശം ലഭിച്ചതായി തമിഴ്നാട് വനംവകുപ്പ് അറിയിച്ചു.
തമിഴ്നാട്-കേരള അതിര്ത്തിയോടു ചേര്ന്നുള്ള കോതയാര് ഡാമിനടുത്താണ് അരിക്കൊമ്പന് ഉണ്ടായിരുന്നത്. ഈ പ്രദേശത്താണ് അധിക സമയം ചെലവിടുന്നതെന്നും മെല്ലെയാണ് അരിക്കൊമ്പന്റെ സഞ്ചാരമെന്നും വനം വകുപ്പ് അറിയിച്ചിരുന്നു.
ഇന്നലെ രാത്രിയോടെ കന്യാകുമാരി വനമേഖലയിലേക്ക് കടന്നതായാണ് വിവരം. ആനയുടെ ശരീരത്തില് ഘടിപ്പിച്ചിരുന്ന റേഡിയോ കോളറില്നിന്നുള്ള സിഗ്നലുകള് പെരിയാര് കടുവ സങ്കേതത്തില് നിന്നു തിരുവനന്തപുരം ജില്ലയിലെ വനം വകുപ്പ് അധികൃതര്ക്കു യഥാസമയം കൈമാറുന്നുണ്ട്.
നെയ്യാര് വനമേഖലയില് നിരീക്ഷണം ശക്തമായി തുടരാനാണു വനം വകുപ്പിന്റെ തീരുമാനം. നേരത്തെ മുത്തുക്കുഴി വയല് പ്രദേശത്താണ് ആന നിന്നിരുന്നത്.
നല്ല തണുപ്പുള്ള പ്രദേശമാണിത്. മൂന്നാറിനേക്കാള് തണുപ്പ് ഇവിടെ അനുഭവപ്പെടും. ഈ ഭാഗത്ത് ഏക്കറുകണക്കിന് പ്രദേശം പുല്ല് വളര്ന്നു കിടപ്പുണ്ട്. മാത്രമല്ല ചെറിയ തടാകങ്ങളുമുണ്ട്.
മനുഷ്യ സാന്നിധ്യമില്ലാത്ത ഇവിടം അരികൊമ്പന് പ്രിയപ്പെട്ടതാകുമെന്നാണ് വനം വകുപ്പ് കരുതുന്നത്. കന്യാകുമാരി ജില്ലയിലേക്ക് കടന്നാല് തോട്ടം മേഖലയും ആദിവാസി മേഖലയുമാണ്. ജനസാന്ദ്രത കൂടിയ ഇവിടെ ആന എത്തിയാല് വന് പ്രതിഷേധമുണ്ടാകാനും സാധ്യതയുണ്ട്.
നെയ്യാറിലേക്ക് കടന്നാല് ആന കാടുതാണ്ടി ജനവാസ കേന്ദ്രത്തില് എത്തുമോ എന്നതും ആശങ്കയിലാക്കുന്നു. ആനനിരത്തി വഴി ആന എത്തിയാല് ആറുകാണി, ചെമ്പകപ്പാറ എന്നിവ വഴി ജനവാസകേന്ദ്രങ്ങളിലെത്താം.
ഇതിനായി നെയ്യാര് വനപാലകര് വനത്തില് തിരച്ചില് നടത്തുന്നുണ്ട്. അതിര്ത്തി പ്രദേശത്ത് ആന എത്തുകയാണെങ്കില് ഉള്ക്കാട്ടിലേക്ക് കടത്തി വിടാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
തമിഴ്നാട്ടിലെ അംബാസമുദ്രം, കളക്കാട്, കന്യാകുമാരി മേഖലകളിലെ 60 വനം വകുപ്പ് ഉദ്യോഗസ്ഥരെ അരികൊമ്പനെ നിരീക്ഷിക്കാന് ഏര്പ്പാടിക്കയതായി ഡിഎഫ്ഒ അറിയിച്ചു.
നെയ്യാര് വനമേഖലയിലേക്ക് അരിക്കൊമ്പന് എത്തുകയാണെങ്കില് ആവശ്യമായ മുന്കരുതല് സ്വീകരിക്കാന് തിരുവനന്തപുരം വൈല്ഡ് ലൈഫ് വാര്ഡനു നിര്ദേശം ലഭിച്ചു. ഇതോടെ അതിര്ത്തിമേഖലകളില് വനംവകുപ്പിന്റെ നിരീക്ഷണം ശക്തമാക്കി.
20 കിലോമീറ്റര് പരിധിയില് ആന എത്തിയാല് ഇക്കാര്യം വനംവകുപ്പിന് അറിയാനാകുമെന്നും അധികൃതര് പറഞ്ഞു. അരിക്കൊമ്പന് വിഷയത്തില് ലഭ്യമായ വിവരങ്ങള് തമിഴ്നാട് കേരളത്തിനു കൈമാറുന്നുണ്ട്.
അതിനിടെ അരിക്കൊമ്പനെ കന്യാകുമാരി ജില്ലയിലെ മുത്തുക്കുഴി വനത്തില് തുറന്നുവിട്ടതില് പ്രതിഷേധവുമായി പേച്ചിപ്പാറയിലെ ആദിവാസികള് രംഗത്തെത്തി. ആനയെ കേരളത്തിലേക്കുതന്നെ കൊണ്ടുപോകണമെന്നാണ് ഇവരുടെ ആവശ്യം.