തൊടുപുഴ: ചിന്നക്കനാലില്‍നിന്നു പിടികൂടി പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന് കുമളി ടൗണിനു സമീപമെത്തി.
ഇന്നു പുലര്‍ച്ചെ ഗാന്ധിനഗര്‍ കോളനിക്കു സമീപമാണ് ആന ആദ്യമെത്തിയത്. ഇവിടെ വനാതിര്‍ത്തിക്കടുത്തുള്ള വീടിനുള്ളില്‍ തുമ്പിക്കൈയിട്ടു.
ആളുകള്‍ ബഹളം വച്ചതോടെ ആന പിന്തിരിഞ്ഞെങ്കിലും പുലര്‍ച്ചെ ഒന്നോടെ കുമളി ടൗണിനു 100 മീറ്ററിനടുത്ത് റോസാപ്പൂക്കണ്ടം ഭാഗത്ത് ആനയെത്തി.
ഉടന്‍തന്നെ സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി ആകാശത്തേക്ക് വെടിയുതിര്‍ത്ത് ആനയെ കാട്ടിലേക്ക് തുരത്തി.
ജിപിഎസ് കോളറില്‍നിന്നുള്ള സിഗ്നല്‍ അനുസരിച്ചാണ് ആന ജനവാസമേഖലയ്ക്ക് അടുത്ത് എത്തിയതെന്ന് അറിഞ്ഞത്.
കഴിഞ്ഞദിവസം കുമളി ടൗണിന് ആറു കിലോമീറ്റര്‍ ആകാശദൂരം അകലെ വരെ അരിക്കൊമ്പന് എത്തിയിരുന്നു. ദിവസേന കിലോമീറ്ററുകള്‍ അരിക്കൊന്പന് സഞ്ചരിക്കുന്നുവെന്നാണ് വ്യക്തമാകുന്നത്.
അരിക്കൊമ്പന് ജനവാസമേഖലയ്ക്ക് അടുത്തെത്തിയതില്‍ കടുത്ത ആശങ്കയിലാണ് കുമളി നിവാസികള്‍. എന്നാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് വനം വകുപ്പ് അറിയിക്കുന്നത്.
ആന പൂര്‍ണമായും നിരീക്ഷണത്തിലാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാട്ടാനയുടെ സ്വഭാവമനുസരിച്ച് ദിവസേന കിലോമീറ്ററുകളോളം സഞ്ചരിക്കുന്നതിന്റെ ഭാഗം മാത്രമായി ഇതിനെ കണ്ടാല്‍ മതിയെന്നാണ് വനം വകുപ്പ് വിശദീകരിക്കുന്നത്.