രാജകുമാരി: വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. 301 കോളനിയിൽ ഒരു വീട് ആന തകർത്തു. വീട്ടിൽ ആളില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. വീട്ടുടമ ഐസക്കും കുടുംബവും അടുത്ത വീട്ടിലായിരുന്ന സമയത്താണ് രാത്രി കാട്ടാനക്കൂട്ടത്തോടൊപ്പം എത്തിയ അരിക്കൊമ്പൻ വീട് തകർത്തത്.
അരിക്കൊമ്പൻ ദൗത്യം അതിശ്ചിതത്വത്തിൽ തുടരുമ്പോഴാണ് വീണ്ടും കാട്ടാനയുടെ ആക്രമണമുണ്ടായത്. അരിക്കൊമ്പനെ പിടികൂടാൻ ഉത്തരവിട്ടതിനുശേഷം ഇരുപതോളം വീടുകൾ ആന ഇടിച്ചു നിരത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി 12ഒാടെയാണ് 301 കോളനിയിൽ കാട്ടാന എത്തിയത്.ഏറെനേരം പ്രദേശത്ത് തമ്പടിച്ച കാട്ടാനയെ നാട്ടുകാർ പടക്കം പൊട്ടിച്ചും പാട്ട കൊട്ടിയുമാണ് തുരത്തിയത്.മൺ ഭിത്തിയിൽ നിർമിച്ച വീടിന്റെ ഭിത്തി ഇടിച്ചുനിരത്തി. തകരഷീറ്റുകൾ ഇളക്കി നശിപ്പിച്ചു. വീട്ടുപകരണങ്ങളും നശിപ്പിച്ചു.
പിടികൂടിയാൽ അരിക്കൊമ്പനെ ധരിപ്പിക്കാനുള്ള ജിപിഎസ് കോളർ മൂന്നാറിൽ എത്തിച്ചിട്ടുണ്ട്. ജിപിഎസ് സിഗ്നലുകൾ ലഭിക്കുന്നത് കൃത്യമാണോ എന്നതടക്കമുള്ള കാര്യങ്ങൾ വനം വകുപ്പ് നിരീക്ഷിച്ചുവരികയുമാണ്.
രാത്രികാലത്ത് കിടന്നുറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്നും മുമ്പ് അരിക്കൊമ്പൻ ഒറ്റയ്ക്കായിരുന്നെങ്കിൽ ഇപ്പോൾ കൂട്ടമായിട്ടാണ് ജനവാസ മേഖലയിൽ എത്തുന്നതെന്നും നാട്ടുകാർ പറയുന്നു.