ചിന്നക്കനാലില്‍ നിന്ന് മയക്കി കാടുകടത്തിയ അരിക്കൊമ്പന് തമിഴ്നാട്ടിലെ മേഘമലയില്‍ എത്തിയതോടെ ആധി തമിഴ്നാടിന്.
ഇതോടെ മേഘമലയില്‍ വിനോദസഞ്ചാരികള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയാണ് അരിക്കൊമ്പന് ജനവാസമേഖലയിലേക്കെത്തിയത്.
മേഘമലയിലെ അരിക്കൊമ്പന്റെ സാന്നിധ്യത്തെ തുടര്‍ന്ന് ഇവിടെ താമസിച്ചിരുന്ന വിനോദസഞ്ചാരികളെ വനംവകുപ്പ് മടക്കിയയച്ചു.
അരിക്കൊമ്പന്റെ നീക്കം സംബന്ധിച്ച് റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നല്‍ വിവരങ്ങള്‍ കേരളം വിവരം കൈമാറുന്നില്ലെന്ന് തമിഴ്നാട് വനംവകുപ്പ് പറയുന്നു.
അതേസമയം നിരോധനാജ്ഞ പ്രഖ്യാപിച്ചെന്ന പ്രചാരണം തമിഴ്നാട് വനംവകുപ്പ് നിഷേധിച്ചു. റേഡിയോ കോളര്‍ കണ്ടതോടെയാണ് അരിക്കൊമ്പനാണെന്ന് തിരിച്ചറിഞ്ഞത്.
അരിക്കൊമ്പന്റെ റേഡിയോ കോളര്‍ സിഗ്നല്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകാത്തതിനെ തുടര്‍ന്ന് ആനയുടെ നീക്കം നിരീക്ഷിക്കാന്‍ ബുദ്ധമുട്ടുന്നതായി ചിന്നമന്നൂര്‍ റേഞ്ച് ഒഫീസര്‍ പറയുന്നു.
നിലവില്‍ ജനവാസമേഖലയില്‍ നിന്ന് ആനയെ ഓടിച്ച് കാട്ടിലേക്ക് ഓടിച്ചിട്ടുണ്ട്. 120 പേരടങ്ങുന്ന സംഘത്തെ തമിഴ്നാട് വനംവകുപ്പും അരിക്കൊമ്പനെ തുരത്താനായി നിയോഗിച്ചിട്ടുണ്ട്.
മേഘമലയിലും പരിസര പ്രദേശങ്ങളിലും അരീക്കൊമ്പന്റെ സഞ്ചാരം കണക്കിലെടുത്ത് തേനി ജില്ലാ ഫോറസ്റ്റ് ഓഫീസറും തേനി ജില്ലാ പോലീസ് സൂപ്രണ്ടും നേരിട്ട് മേഘമലയില്‍ പരിശോധന നടത്തി. മേഘമല പ്രദേശത്തെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.