രാജകുമാരി: അരിക്കൊമ്പനെ തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ചിന്നക്കനാലിലെ ഗോത്രജനത സൂചനാസമരം നടത്തി.മുതുവാൻ വിഭാഗത്തിൽ പ്പെട്ട അഞ്ചു കുടികളിലെ ആളുകളാണ് സമരരംഗത്തുള്ളത്.
അരിക്കൊമ്പന്റെ ആരോഗ്യത്തിനു ഹാനികരമാകുന്ന രീതിയിൽ വീണ്ടും നടപടികൾ ഉണ്ടായാൽ സമരം ശക്തമാക്കുമെന്ന് ആദിവാസികൾ പറഞ്ഞു.
സൂര്യനെല്ലി- സിങ്കുകണ്ടം പാതയിലാണ് സൂചന സമരവുമായി ആദിവാസികൾ ഒത്തുകൂടിയത്. തുടർച്ചയായ മയക്കുവെടികളും കാടുമാറ്റവും ആനയുടെ ആരോഗ്യസ്ഥിതിയെ കാര്യമായി ബാധിച്ചെന്നാണ് ഇവരുടെ ആരോപണം.
തുമ്പിക്കൈയിലെ മുറിവ് അപകടകരമായ രീതിയിലേക്ക് മാറിയതായും ഇവർ പറയുന്നു. ആന ജനിച്ചുവളർന്ന മതികെട്ടാൻ വനമേഖലയിലേക്ക് തിരികെ എത്തിക്കുകയും ഒപ്പം കൃത്യമായ ചികിത്സ ലഭ്യമാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
ചിന്നക്കനാലിലെ ആടുവിളന്താൻകുടി, ടാങ്ക്മേട് കുടി, പച്ചപുൽ കുടി, ചെമ്പകതൊഴു കുടി, കോഴിപ്പനക്കുടി എന്നീ കുടി നിവാസികളാണ് ഒത്തു ചേർന്നത്.