അരിക്കൊമ്പനെതിരേ രണ്ടും കല്‍പ്പിച്ച് തമിഴ്നാട് വനംവകുപ്പ് മേധാവിയുടെ ഉത്തരവ്. 1972 ലെ വന്യ ജീവി സംരക്ഷണ നിയമം 11 (എ) വകുപ്പ് പ്രകാരമാണ് അരിക്കൊമ്പനെ പിടികൂടാന്‍ ഇന്നലെ ഉത്തരവിറങ്ങിയത്.
ജനവാസ മേഖലകളിലിറങ്ങുന്ന വന്യജീവികള്‍ ജനങ്ങള്‍ക്ക് ഭീഷണിയാണെങ്കില്‍ ഉപാധികളോടെ അവയെ വെടിവച്ചു കൊല്ലാന്‍ ഈ നിയമം അനുവദിക്കുന്നുണ്ട്.
അരിക്കൊമ്പന് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് ഇന്നലെ രാവിലെ തന്നെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
കമ്പം എംഎല്‍എ എന്‍.രാമകൃഷ്ണന് താമസിക്കുന്ന കമ്പം കൂളത്തേവര്മുക്കിനു സമീപവും ഇന്നലെ രാവിലെ അരിക്കൊമ്പന് എത്തിയിരുന്നു.
അരിക്കൊമ്പനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് എന്‍.രാമകൃഷ്ണന് എംഎല്‍എയും വനം വകുപ്പില്‍ സമ്മര്‍ദം ചെലുത്തി.
അരിക്കൊമ്പനെ പിടികൂടാന്‍ തമിഴ്നാട് വനംവകുപ്പിനെ സഹായിക്കുന്നത് ആനമല കടുവ സങ്കേതത്തിലെ ടോപ്പ് സ്ലിപ്പില്‍ നിന്നുള്ള രണ്ടു കുങ്കിയാനകളാണ്.
കോഴിക്കമുത്തിയിലെ ആനപരിശീലന കേന്ദ്രത്തില്‍ നിന്ന് സ്വയംഭൂ എന്ന കുങ്കി ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ പുറപ്പെട്ടു. അരിരാജ എന്ന മുത്തു ഇന്നു പുലര്‍ച്ചെ പുറപ്പെടും.
അരിക്കൊമ്പനെപ്പോലെ വീടുകളും റേഷന്‍കടകളും തകര്‍ത്ത് അരി മാത്രം ഭക്ഷിക്കുന്ന ആനയായിരുന്നു അരിരാജ.
മൂന്ന് വര്‍ഷം മുന്‍പ് ആനമല വനത്തില്‍ നിന്നു ജനവാസമേഖലയിലിറങ്ങിയ ആന നവമലയിലെ ഏഴു വയസ്സുകാരിയെയും അര്‍ധനാരി പാളയത്തിലെ രണ്ടു കര്‍ഷകരെയും കുത്തിക്കൊലപ്പെടുത്തുകയും വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്തു.
തുടര്‍ന്നാണ് തമിഴ്നാട് വനം വകുപ്പ് പിടികൂടി ടോപ്സ്ലിപ്പിലെ കോഴിക്കമുത്തിയിലെത്തിച്ചു പരിശീലനം നല്കി കുങ്കിയാക്കിയത്.
കുങ്കിയായപ്പോള് മുത്തു എന്നു പേരിട്ടു. ആവശ്യമെങ്കില്‍ കൂടുതല്‍ കുങ്കിയാനകളെ കമ്പത്തേക്കു കൊണ്ടുപോകുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇതിനിടയില്‍ പുളിന്തോട്ടത്തിനു മുകളിലൂടെ അപ്രതീക്ഷിതമായി പറന്ന ഡ്രോണ്‍ കണ്ട് വിരണ്ട് ആന ജനവാസമേഖലയിലേക്കിറങ്ങി.
ഇതോടെ തമിഴ്നാട് പോലീസ് സംഘം ആകാശത്തേക്ക് നിറയൊഴിച്ചു. ഇതോടെ അരിക്കൊമ്പന് പോലീസിനു നേരെ തിരിഞ്ഞു. വെപ്രാളത്തില്‍ പോലീസും ഓടി.