തൊടുപുഴ: തേക്കടി പെരിയാര്‍ കടുവാസങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറില്‍നിന്നുള്ള സിഗ്നലുകള്‍ ലഭിക്കാതിരുന്നത് ആശങ്കയ്ക്കിടയാക്കി.
ഇന്നലെ ഉച്ച മുതല്‍ സിഗ്നലുകള്‍ ലഭിക്കാത്തതിനാല്‍ ആന എവിടെയുണ്ടെന്ന വിവരം കൃത്യമായി മനസിലാക്കാന്‍ കഴിയാത്തതാണ് ആശങ്ക പടര്‍ത്തിയത്.
എന്നാല്‍ റേഡിയോ കോളറില്‍നിന്നുള്ള സാറ്റലൈറ്റ് ബന്ധം നഷ്ടപ്പെട്ടിട്ടില്ലെന്നും ഇന്നു രാവിലെ 7.30ന് സിഗ്നല്‍ ലഭിച്ചതായും ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫ് ആര്.ആസ്. അരുണ്‍ അറിയിച്ചു.
ഇതിനിടെ അരിക്കൊമ്പന് തന്റെ പഴയ ആവാസകേന്ദ്രമായ ചിന്നക്കനാലിലേക്കു തിരികെ മടങ്ങാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയംഗം ഡോ. പിഎസ്. ഈസ പറഞ്ഞു.
പറമ്പിക്കുളം വനമേഖലയായിരുന്നു ആനയെ തുറന്നു വിടാന്‍ പര്യാപ്തമെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്.ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് റേഡിയോ കോളറില്‍നിന്ന് സിഗ്നല്‍ ലഭിക്കുമ്പോള്‍ അരിക്കൊമ്പന് വണ്ണാത്തിപ്പാറ വനമേഖലയില്‍ ഉണ്ടായിരുന്നു.
പിന്നീടാണ് സിഗ്നല്‍ നഷ്ടമായത്. സാങ്കേതിക തകരാര്‍ മൂലമാണ് സിഗ്നല്‍ ലഭിക്കാന്‍ വൈകിയതെന്നായിരുന്നു വനംവകുപ്പ് അറിയിച്ചത്. ഇന്ന് വിഎച്ച്എഫ് ആന്റിന ഉപയോഗിച്ച് ആനയുടെ ലൊക്കേഷന്‍ കണ്ടെത്താൻ ശ്രമം നടത്താനിരിക്കെയാണു രാവിലെ 7.30ന് വീണ്ടും സിഗ്നലുകള്‍ ലഭിച്ചുതുടങ്ങിയത്.
ഇതിനിടെ ആന തമിഴ്നാട് വനമേഖലയ്ക്കടുത്തു വരെ എത്തിയെങ്കിലും പിന്നീടു തിരികെ മടങ്ങി. ഇന്നു രാവിലെ സിഗ്നല്‍ ലഭിക്കുമ്പോള്‍ ആനയെ തുറന്നുവിട്ട മേഖലയില്‍ തന്നെയുള്ളതായാണു വിവരം കിട്ടിയത്.
ആനയ്ക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. കേരള, തമിഴ്നാട് വനംവകുപ്പ് വാച്ചര്‍മാരുടെ നിരീക്ഷണത്തിലാണ് അരിക്കൊമ്പന്. തമിഴ്നാട് അതിര്‍ത്തി കടക്കാതിരിക്കാന്‍ അവിടെ വനംവകുപ്പ് ജാഗ്രത പുലര്‍ത്തുന്നുണ്ട്.
അരിക്കൊമ്പന്റെ അസാന്നിധ്യത്തില്‍ ചക്കക്കൊമ്പന്റെ നേതൃത്വത്തില്‍ കാട്ടാനക്കൂട്ടം ചിന്നക്കനാല്‍ മേഖലയില്‍ തമ്പടിച്ചിരിക്കുന്നത് പ്രദേശവാസികളില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.
301 കോളനി ഭാഗത്താണ് കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിന്നക്കനാലില്‍ കാട്ടാനക്കൂട്ടം ഷെഡ് തകര്‍ത്തിരുന്നു. ചക്കക്കൊമ്പനാണ് ഷെഡു തകര്‍ത്തതെന്നാണ് നാട്ടുകാര്‍ പറയുന്നത്.