സിജോ പൈനാടത്ത്
കൊച്ചി: മലയോരജനതയെ ഭീതിയിലാഴ്ത്തിയ അരിക്കൊമ്പന് കാട്ടാനയെ പിടികൂടി കാട്ടിലേക്കു വിടാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത് 21.38 ലക്ഷം രൂപ.
അരിക്കൊമ്പന്റെ ആക്രമണത്തില്‍ ആരെങ്കിലും കൊല്ലപ്പെട്ടതായി വനം വകുപ്പില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും മൂന്നാര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസില്‍ നിന്നുള്ള രേഖകള്‍ വ്യക്തമാക്കുന്നു.
അരിക്കൊമ്പനെ തളയ്ക്കുന്നതുമായി ബന്ധപ്പെട്ട് കോടനാട് ആന പുനരധിവാസ കേന്ദ്രത്തില്‍ ആനക്കൂട് നിര്‍മിക്കാനും സര്‍ക്കാര്‍ പണം ചെലവഴിച്ചിട്ടുണ്ട്. ആനക്കൂടിനായി യൂക്കാലിപ്റ്റസ് മരങ്ങള്‍ മുറിച്ച ഇനത്തില്‍ 1.83 ലക്ഷവും ആനക്കൂട് നിര്‍മിക്കാന്‍ 1.71 ലക്ഷവും ചെലവഴിച്ചു.
അരിക്കൊമ്പന് ദൗത്യത്തിന് മറ്റു വിവിധ ഇനങ്ങളിലായി 15.85 ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ടെന്നു വിവരാവകാശ നിയമപ്രകാരം വനംവകുപ്പ് പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു.
കൊച്ചി സ്വദേശി രാജു വാഴക്കാലയ്ക്കാണ് വിവരാവകാശ നിയമപ്രകാരമുള്ള വിവരങ്ങള്‍ കൈമാറിയത്.അരിക്കൊമ്പനെ കാട്ടിലേക്കു മടക്കിവിട്ടതിന്റെ പേരില്‍ വനംവകുപ്പ് ഇനിയും പണം കൊടുത്തുതീര്‍ക്കാനുണ്ട്.
ചിന്നക്കനാല്‍ ദ്രുതകര്‍മ സേനയ്ക്ക് അഡ്വാന്‍സ് ഇനത്തില്‍ അനുവദിച്ച ഒരു ലക്ഷം രൂപ ഇനിയും നല്‍കിയിട്ടില്ലെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.