രാജകുമാരി: അരിക്കൊമ്പൻ ദൗത്യത്തിനായി ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ചിന്നക്കനാലിൽ എത്തി.
അരിക്കൊമ്പൻ അപകടകാരിയല്ലെന്ന പരിസ്ഥിതിവാദികളുടെ വാദം തെറ്റാണെന്നു ഡോ. അരുൺ സക്കറിയ പറഞ്ഞു. ഇക്കാര്യത്തിൽ കൃത്യമായ വിവരങ്ങൾ വനംവകുപ്പിന്റെ പക്കലുണ്ട്.
അരിക്കൊമ്പനാണ് മേഖലയിലെ ആനകളുടെ തലവൻ. ഇവനെ പിടിക്കുന്നതോടെ മറ്റു ആനകളും ശാന്തരാകും.
സംസ്ഥാനത്തെ മറ്റു ഭാഗങ്ങളിലും ഇങ്ങനെയുള്ള ആനകളെയാണ് പിടിച്ചു മാറ്റിയതെന്നും അരുൺ സക്കറിയ പറഞ്ഞു.
കോടതിവിധിയുടെ പശ്ചാത്തലത്തിൽ അരിക്കൊമ്പനെ പിടികൂടുന്ന നടപടി താത്കാലികമായി നിർത്തിവയ്ക്കേണ്ടിവന്നെങ്കിലും ദൗത്യം നിർത്തിവച്ചിട്ടില്ല.
72 അംഗ സംഘം 11 ടീമുകളായി തിരിഞ്ഞാണ് ദൗത്യം നടപ്പിലാക്കുക. ടീമംഗങ്ങൾക്ക് നടപടി വിശദീകരിക്കുന്നതിനായി മോക് ഡ്രിൽ നടത്തും.
കുങ്കി ആനകളിലെ പ്രധാനികളായ കോന്നി സുരേന്ദ്രനെയും കുഞ്ചുവിനെയുംകൂടി ഇന്നലെ ചിന്നക്കനാലിൽ എത്തിച്ചു.
അനുകൂലമായ കോടതിവിധി ഉണ്ടായാൽ ഉടൻ ദൗത്യം പൂർത്തീകരിക്കാനാണ് വനംവകുപ്പിന്റെ നീക്കം. അതേസമയം, കോടതിവിധിക്കെതിരേ മേഖലയിൽ പ്രതിഷേധം തുടരുകയാണ്.