കോട്ടൂർ സുനിൽ
കാട്ടാക്കട: അരിക്കൊമ്പൻ എവിടെയാണെന്ന് നിരീക്ഷിക്കാനുള്ള സിഗ്നലിൽ തടസമെന്ന് തമിഴ്നാട് വനം വകുപ്പ് പറയുന്നു. റേഡിയോകോളർ സംവിധാനം പ്രവർത്തിക്കാത്തത് നിബിഡ വനത്തിൽ ആന ഉള്ളതുകൊണ്ടാകാം എന്നും അവർ പറയുന്നു.
അതിനിടെ ആനയെ നിരീക്ഷിക്കാനായി നിയോഗിച്ചിരുന്നവരിൽ നിന്ന് കുറച്ചു പേരെ തമിഴ്നാട് സർക്കാർ പിൻവലിച്ചു. സിഗ്നൽ നിരീക്ഷത്തിനുശേഷമാകും ഇനി ഇവരെ വിന്യസിക്കുകയെന്നും അവർ പറയുന്നു.
അതിനിടെ അരിക്കൊമ്പൻ കേരള അതിർത്തി കടന്നതിനാലാണ് ഉദ്യോഗസ്ഥരെ പിൻവലിച്ചതെന്ന് ആരോപണമുയരുന്നുണ്ട്. കേരള വനം വകുപ്പ് ഇവിടെ നിരീക്ഷണം തുടരുന്നുണ്ട്. തലസ്ഥാനത്തേക്ക് കൊണ്ടു വന്ന ആന്റിന ഉപയോഗിച്ചുള്ള നിരീക്ഷണം തുടരും.
ആന കടന്നുവരാൻ സാധ്യതയുള്ള വരയാട്ടുമുടി, വെൺകുളംമേട്, ആനനിരത്തി എന്നീ നെയ്യാർ വന്യജീവി സങ്കേതത്തിലെ പ്രദേശങ്ങളിൽ വനപാലകരെ നിയോഗിക്കുകയും ചെയ്തു.
അതിനിടെ ആന ആരോഗ്യവാനെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. കളക്കാട് മുണ്ടൻ തുറൈ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പൻ ആരോഗ്യവാനാണെന്ന് തമിഴ്നാട് വനംവകുപ്പ്.
ആവശ്യത്തിന് വെള്ളവും ഭക്ഷണവും ലഭിക്കുന്ന പ്രദേശത്താണ് ആന ഇപ്പോൾ ഉള്ളതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
അരിക്കൊമ്പൻ ആരോഗ്യവാനെന്ന് തെളിവായി ദൃശ്യങ്ങൾ തമിഴ്നാട് വനംവകുപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
അരിക്കൊമ്പൻ തീറ്റയെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് വനംവകുപ്പ് പുറത്തുവിട്ടത്. തമിഴ്നാട് വനം പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹു ട്വിറ്ററിലൂടെയാണ് വീഡിയോ പങ്കുവെച്ചത്.
കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലെ മണിമുത്താർ ഡാം സൈറ്റിലെ ജലസംഭരണിക്ക് സമീപത്ത് നിന്ന് പുല്ല് പറിച്ച് കഴുകി വൃത്തിയാക്കി കഴിക്കുന്നതാണ് ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്.
തുമ്പിക്കൈയിലെ മുറിവ് ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചിരുന്നു.
ജനവാസമേഖലയിലിറങ്ങി പരിഭ്രാന്ത്രിയുണ്ടാക്കിയതിനെ തുടർന്നാണ് തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി ഉൾക്കാട്ടിൽ തുറന്നുവിട്ടത്.
തെക്കൻ കേരളത്തിലെ നെയ്യാർ, ശെന്തുരുണി വനമേഖലയോട് ചേർന്ന് കിടക്കുന്ന അപ്പർ കോതയാർ വനമേഖലയിലാണ് ആനയെ തുറന്നുവിട്ടത്. ആനയുടെ മുറിവുകൾക്ക് മതിയായ ചികിത്സ നൽകിയ ശേഷമാണ് തുറന്നുവിട്ടത്.