കൊച്ചി: ഇടുക്കിയില്‍ ജനജീവിതത്തിന് ഭീഷണിയായ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാന്‍ കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ ശിപാര്‍ശ.
അഞ്ചംഗ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. പറമ്പിക്കുളത്ത് അരിക്കൊമ്പന് കഴിയാനുളള ആവാസ വ്യവസ്ഥയാണുള്ളത്. വെളളവും ഭക്ഷണവും ഇവിടെ സുലഭമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍, പറമ്പിക്കുളം എന്തുകൊണ്ട് ശിപാര്‍ശ ചെയ്തു എന്ന് ഹൈക്കോടതി ചോദിച്ചു. പെരിയാര്‍ ടൈഗര്‍ റിസര്‍വ് പറ്റില്ലേയെന്നും കോടതി ചോദിച്ചു.
പുതിയ വനഭാഗത്ത് കൊണ്ടുവിടുമ്പോള്‍ അവിടെ നിലവിലുളള മൃഗങ്ങളുമായി ഏറ്റുമുട്ടലിന് സാധ്യതയില്ലെയെന്നും കോടതി ആരാഞ്ഞു.
മദപ്പാടുളള ആനയെ പറമ്പിക്കുളം വരെ എങ്ങനെയെത്തിക്കും?എറെ സമയം എടുക്കില്ലേ?ആനയെ തടവിലാക്കണോ പുനരധിവസിപ്പിക്കണോയെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് തീരുമാനിക്കട്ടെയെന്ന് കോടതി പരാമര്‍ശിച്ചു.
മനുഷ്യ മൃഗ സംഘര്‍ഷത്തെപ്പറ്റി സര്‍ക്കാരിന് മുന്നില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സമഗ്രമായ പഠനം ഇക്കാര്യത്തില്‍ ആവശ്യമാണ്. പൊതു ജനങ്ങളുടെ ബുദ്ധിമുട്ട് തിരിച്ചറിയാന്‍ പബ്ലിക് ഹിയറിംഗ് നടത്തണം.
24 മണിക്കൂറും ജാഗ്രതയ്ക്കുളള സംവിധാനം വേണം. ദീര്‍ഘകാല പരിഹാരമാണ് ആവശ്യം. അരിക്കൊമ്പന് ഒറ്റപ്പെട്ട വിഷമയല്ല .ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ നേരത്തെ സ്വീകരിക്കേണ്ടതായിരുന്നു.
കേന്ദ്ര സര്‍ക്കാരും കേസില്‍ കക്ഷി ചേരണം, കൂട്ടുത്തരവാദിത്വം ഉണ്ടെങ്കിലേ പരിഹാരമുണ്ടാകൂയെന്നും കോടതി വ്യക്തമാക്കി.
അരിക്കൊമ്പന് വിഷയത്തിലുള്ള ഹര്‍ജികള്‍ പരിഗണിക്കുന്ന ഇന്ന് കോടതി നിയോഗിച്ച വിദഗ്ധ സമതി റിപ്പോര്‍ട്ട് നല്കാന് നിര്‍ദേശിച്ചിരുന്നു.