കാട്ടാക്കട: അരിക്കൊമ്പൻ തമിഴ്നാട്ടുകാർക്ക് അരുമൈ മകനാകുന്നു. ആന സുഖമായിരിക്കുന്നുവെന്നും ആരോഗ്യം വീണ്ടെടുത്തുവെന്നും തമിഴ്നാട് വനം ഉദ്യോഗസ്ഥർ പറയുന്നു. ഇവർ ആനയെ അരുമൈമകൻ എന്നാണ് വിളിക്കുന്നത്.
ആന പൂർണമായും അഗസ്ത്യർമല ആനത്താര ഉൾപ്പെടുന്ന കോതയാർ മുണ്ടൻതുറൈ കടുവാ സങ്കേതത്തിന്റെ ഉള്ളിലാണ്. ടൈഗർ റിസർവുമായും മറ്റ് ആനകളുമായും ഇണങ്ങിയെന്നും ആരോഗ്യം പൂർണമായും വീണ്ടെടുത്തു എന്നുമാണ് അവർ പറയുന്നത്.
കഴിഞ്ഞ ഒരു മാസത്തിനിടെ ആറു പ്രാവശ്യം അരിക്കൊമ്പനെ മറ്റ് ആനക്കൂട്ടങ്ങളോടൊപ്പം കാമറ ട്രാപ്പ് ഉപയോഗിച്ച് കണ്ടെത്താൻ സാധിച്ചത് പുതിയ വാസസ്ഥലവുമായി ഇണങ്ങിയതിന്റെ തെളിവാണ്.
റേഡിയോ കോളർ വിവരങ്ങൾ യഥാസമയം ലഭിക്കുന്നുണ്ട്. പ്രത്യേക ഫീൽഡ് സ്റ്റാഫിനെ പിൻവലിച്ചുവെങ്കിലും ആന്റി പോച്ചിംഗ് സ്ക്വഡിന്റെയും റിസർവിനുള്ളിലെ വയർലെസ് കേന്ദ്രത്തിന്റെയും, അവരുടെ സൈലന്റ്് ഡ്രോണുകളും നിരീക്ഷണം തുടരുന്നുണ്ട്.
കെറ്റിഎംആർ ഫീൽസ് ഡയറക്ടർ /ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇപ്പോഴും നേരിട്ടാണ് മിഷൻ അരിക്കൊമ്പൻ ചുമതല. കൂടാതെ കളക്കാട്, അംബാസമുദ്രം ഉൾപ്പെടെയുള്ള നാല് റേഞ്ച് ഫോറസ്റ്റ് ഓഫീസർമാർ നേരിട്ട് ചുമതലയിലുണ്ട്.
ഇടയ്ക്കിടെ വൃഷ്ടിപ്രദേശത്തു എത്തി തിരികെ കാട്ടിലേക്ക് കയറുന്ന ആന മറ്റ് ആനക്കൂട്ടങ്ങളോട് ചേർന്നെങ്കിലും ഒറ്റയ്ക്ക് നടക്കുന്ന സ്വഭാവം തുടരുകയാണ്.
വനംവകുപ്പ് ആനയുടെ ആരോഗ്യം ഉൾപ്പടെയുള്ള വിശദ റിപ്പോർട്ട് വകുപ്പ് സെക്രട്ടറിക്കും ഹൈക്കോടതിക്കും നിരന്തരം കൈമാറുന്നുണ്ട്.
ആനയുടെ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പുതിയ ഹർജികൾ മദ്രാസ് ഹൈക്കോടതിയിൽ എത്തിയ പശ്ചാത്തലത്തിലാണ് ഇത്.
ആനയുടെ തുമ്പിക്കൈയിലെ മുറിവ് പൂർണമായും ഉണങ്ങിയെന്നും ഇപ്പോൾ അപ്പർ കോതായാറിൽനിന്നു 17 കിലോമീറ്റർ അകലെയാണ് എന്നുമാണ് ഫീൽഡ് വാച്ചർമാരും ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടി ഉദ്യോഗസ്ഥനും ഡെപ്യുട്ടി ഡയറക്ടർ ഓഫീസിനെ അറിയിച്ചിട്ടുള്ളത്.
കളക്കാട് മുണ്ടന്തുറൈ ടൈഗർ റിസർവ് ഫീൽഡ് ഡയറക്ടർ ഓഫീസിലും അംബാസമുദ്രം, പാപനാശം റേഞ്ച്, മുണ്ടന്തുറൈ റേഞ്ച് ഓഫീസിലും നിരന്തര ജാഗ്രത പുലർത്തുന്നുണ്ട്.