കാട്ടാക്കട : അരിക്കൊമ്പൻ ഇപ്പോഴും കോതയാറിൽ തന്നെ. ആനകൂട്ടത്തിന് അടുത്താണ് അരിക്കൊമ്പനുള്ളത്. റേഡിയോ കോളർ സംവിധാനം നിരീക്ഷിച്ചു വരികയാണെന്ന് തമിഴ്നാട് വനം വകുപ്പ് പറയുന്നു.
അരിക്കൊമ്പൻ സുഖമായിരിക്കുന്നുവെന്നാണ് തമിഴ്നാട് വനം വകുപ്പ് പറയുന്നത്. 10 ആനകളുടെ കൂട്ടത്തിന് ഒപ്പമാണ് സഞ്ചാരം.
രണ്ട് കുട്ടിയാനകളുള്ള ആനക്കൂട്ടത്തിനൊപ്പം ഇണങ്ങിയ മട്ടിലാണ് അരിക്കൊമ്പനെന്നാണ് വനം ഉദ്യോഗസ്ഥർ പറയുന്നത്. കോതയാർ ഡാമിൽ ഇറങ്ങി വെള്ളം കുടിക്കുന്നുണ്ട്, തീരത്തെ പുൽമേട്ടിൽ നിന്നാണ് ഭക്ഷണം.
ജനവാസ പ്രദേശങ്ങളിലേക്ക് ഇറങ്ങുന്ന പതിവ് രീതി പുറത്തെടുത്തിട്ടില്ല. അതിനാൽ ആനയെ നിരീക്ഷിക്കാനുള്ള സംഘത്തിലെ വാച്ചർമാരുടെ എണ്ണം കുറച്ചിട്ടുണ്ട്.
റേഡിയോ കോളർ സിഗ്നൽ കിട്ടുന്നതിനാൽ നിരന്തരമായി ആന എവിടെയുണ്ടെന്ന് അറിയാനാകുന്നുണ്ടെന്നാണ് വനം ഉദ്യോഗസ്ഥർ പറയുന്നത്. കേരളത്തിലെ വനം വകുപ്പ് റേഡിയോ കോളർ സിഗ്നൽ സ്വീകരിക്കുന്നുണ്ട്.
കോതയാർ കളക്കാട് മുണ്ടന്തുറൈ കടുവാസങ്കേതം, നെയ്യാർ , പേപ്പാറ, ചെന്തുരുണി എന്നീ വനമേഖലകളുൾപ്പെടുന്ന അഗസ്ത്യവനം ബയോസ്്ഫിയർ റിസർവ് ഒറ്റവനമേഖലയാണ്.
വരും ദിവസങ്ങളിലെപ്പോഴെങ്കിലും ആനക്കൂട്ടത്തിനൊപ്പമോ ഒറ്റക്കോ അരിക്കൊമ്പൻ കേരളത്തിലെ വനപ്രദേശത്തേക്കെത്താനും സാധ്യതയുണ്ടെന്ന് കേരള വനം വകുപ്പ് പറയുന്നു. ഇത് തമിഴ്നാട് വനം വകുപ്പും ശരിവയ്ക്കുന്നു. ഇവിടെ കേരളത്തിലേക്ക് കടക്കാൻ ആനത്താരയുണ്ട്.
സ്ഥിരമായി ആനകൾ ഭക്ഷണത്തിനും വെള്ളത്തിനുമായി ആനതാരവഴി കേരള വനത്തിലേക്ക് കടക്കും. ഇതു വഴി അഗസ്ത്യമലയുടെ അടിവാരത്തിലേ ബോണക്കാട്ടോ ചെമ്മുഞ്ചിയിലോ എത്താം.
ഈ വിശകലനത്തിന്റെ അടിസ്ഥാനത്തിൽ കേരള വനം വകുപ്പ് കൂടുതൽ ജാഗ്രത പുലർത്തുന്നുണ്ട്. ഇവിടെ വാച്ചർമാരെ വീണ്ടും വിന്യസിച്ചു.