കാട്ടാക്കട: അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിലെത്തി. രാവിലെ അതിർത്തിക്കു സമീപം മാഞ്ചോലയിലെ എസ്റ്റേറ്റിൽ അരിക്കൊമ്പൻ എത്തിയിരുന്നു.
രണ്ടായിരത്തോളം തൊഴിലാളികൾ ഉള്ള പ്രദേശമാണിത്. ആനയെ തുറന്നു വിട്ട സ്ഥലത്തു നിന്ന് 25 കിലോമീറ്റർ സഞ്ചരിച്ചുവെന്നാണ് തമിഴ്നാട് വനംവകുപ്പ് അറിയിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ച കൊണ്ടാണ് ഇത്രയും ദൂരം സഞ്ചരിച്ചത്. ഇന്നലെ രാത്രി മാത്രം അരിക്കൊമ്പൻ 10 കിലോമീറ്റർ നടന്നു. എന്നാൽ അരിക്കൊമ്പൻ തിരിച്ച് കേരളത്തിലേക്ക് വരാൻ സാധ്യത ഇല്ലെന്നും തമിഴ്നാട് വനം വകുപ്പ് പറയുന്നു.
കേരളത്തിലേക്കുള്ള വഴി ചെങ്കുത്തായ പ്രദേശമായത് കൊണ്ട് കേരളത്തിലേക്കെത്താൻ സാധ്യതയില്ലെന്നാണ് തമിഴ്നാട് വനം വകുപ്പ് പറയുന്നത്.
എന്നാൽ ആന ഇപ്പോൾ മാഞ്ചോല എസ്റ്റേറ്റിലെ ജനങ്ങൾ താമസിക്കുന്ന നാലു മുക്ക് ഉത്തു എസ്റ്റേറ്റ് മേഖലയിലാണ്.അരിക്കൊമ്പൻ ജനവാസ മേഖലയിൽ കടന്ന് വാഴകൃഷി നശിപ്പിച്ചതായും സൂചനയുണ്ട്.
തോട്ടം തൊഴിലാളികൾ ആശങ്കയിലായിട്ടുണ്ട്. മാഞ്ചോല തോട്ടം തൊഴിലാളികൾ ഉൾപ്പടെയുള്ളവർ താമസിക്കുന്ന ഇടമാണ്. തേയില ഉൾപ്പടെയുള്ള തോട്ടമാണിത്. ഇവിടെ പ്രശ്നമുണ്ടാക്കുമോ എന്ന ഭീതിയിലാണ് ജനങ്ങൾ.
മഞ്ചോല നിന്നും 25 കി.മീ അകലെയാണ് കേരള വന അതിർത്തി. ഈ വഴി ആനത്താരയാണ്. ഈ ആനത്താരവഴി ആനകൾ സ്ഥിരമായി കേരള വനത്തിൽ എത്താറുണ്ട്.
ഇവിടെ നിന്നും രണ്ടു വഴികളാണ് ഉള്ളത്. ഒന്ന് നെയ്യാർ വനത്തിലേക്കും പിന്നെ പേപ്പാറ വന്യജീവി സങ്കേതത്തിലും. ഇവിടെ നിന്നും 6 മണിക്കൂർ നടന്നാൽ അഗസ്ത്യമലയിൽ എത്താം.
നെയ്യാർ അമ്പൂരി, ബോണക്കാട്, അഗസ്ത്യവനം എന്നിവയിലൂടെ ആന എത്തുമോ എന്ന് നിരീക്ഷിക്കാൻ സംസ്ഥാന വനം വകുപ്പും സജ്ജീകരണമൊരുക്കി. ഇടയ്ക്ക് പിൻവലിച്ച പ്രത്യേക സംഘത്തെ പുനർവിന്യസിക്കാനും നടപടികളായി.