തൊടുപുഴ: കമ്പത്തെ ജനവാസമേഖലയില്‍ ഇറങ്ങിയ അരിക്കൊമ്പനെ അവിടെനിന്നു വിരട്ടിയോടിക്കാനുള്ള ശ്രമം തമിഴ്നാട് വനംവകുപ്പ് ആരംഭിച്ചു.
ആകാശത്തേക്കു വെടിവച്ച് ആനയെ തിരികെ കാടു കയറ്റാനുള്ള ശ്രമമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്നത്. ആനയെ മയക്കുവെടി വച്ച് പിടി കൂടുന്നത് ഏറെ ശ്രമകരമായ ദൗത്യമായതിനാലാണ് തിരികെ കാടു കയറ്റാനുള്ള ശ്രമം ആരംഭിച്ചത്. വനംവകുപ്പിന്റെ വന്‍ സംഘമാണ് സ്ഥലത്ത് ക്യാമ്പു ചെയ്യുന്നത്.
നിലവില്‍ ആന നിലയുറപ്പിച്ചിരിക്കുന്ന ഭാഗത്തു നിന്നു മൂന്നു കുലോമീറ്ററോളം ദൂരത്തിലാണ് തമിഴ്നാട് അതിര്‍ത്തി വനമേഖലയുള്ളത്. ഇവിടെ ആനയെ എത്തിക്കാനുള്ള ശ്രമമാണ് ആദ്യഘട്ടത്തില്‍ വനംവകുപ്പധികൃതര്‍ നടത്തി വരുന്നത്.
എന്നാല്‍ വെടിയൊച്ച കേട്ട് ആന വീണ്ടും കമ്പം ടൗണിലേക്കെത്താനുള്ള സാധ്യതയും ഉദ്യോഗസ്ഥര്‍ തള്ളിക്കളയുന്നില്ല. ഈ ദൗത്യം പരാജയപ്പെട്ടാല്‍ ആനയെ മയക്കുവെടി വച്ച് പിടികൂടി ഉള്‍ക്കാട്ടില്‍ വിടാനുള്ള നീക്കത്തിലാണ് തമിഴ് നാട് വനംവകുപ്പ്.