തൊടുപുഴ: അരിക്കൊമ്പന് ദൗത്യം നീളുന്നു. ആനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള നീക്കവുമായി തമിഴ് നാട് വനംവകുപ്പ് മുന്നോട്ടു പോകുകയാണെങ്കിലും അനുകൂല സാഹചര്യങ്ങള്‍ ഒത്തു വരാത്തതാണ് ദൗത്യം നീളാന്‍ കാരണം.
വെറ്ററിനറി സര്ജന്മാര് ഉള്‍പ്പെടെയുള്ള തമിഴ്നാട് വനംവകുപ്പി വന്‍ ദൗത്യസംഘത്തിനൊപ്പം മുതുമലയില്‍ നിന്നുള്ള ആദിവാസി അഞ്ചംഗ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
ആന പിടുത്തത്തില്‍ വൈഭവമുള്ള ഇവര്‍ക്ക് കാടും ഏറെ പരിചയമാണ്. ഇവരുടെ സേവനം കൂടി ഉപയോഗിപ്പെടുത്തുന്നതോടെ അരിക്കൊമ്പനെ വേഗത്തില്‍ തളയ്ക്കാനാകുമെന്നാണ് വനംവകുപ്പിന്റെ കണക്കു കൂട്ടല്‍.
ഇതേ സമയം അരിക്കൊമ്പന് ഷണ്മുഖ നദി ഡാമിനു സമീപത്തുള്ള വനമേഖലയില്‍ തന്നെയാണുള്ളത്. ഇവിടെ ചുറ്റിക്കറങ്ങുന്ന ആനയെ വനപാലക സംഘം പൂര്‍ണ സമയവും നിരീക്ഷിക്കുന്നുണ്ട്.
ഇവിടെ വച്ച് ആനയെ മയക്കുവെടി വച്ച് പിടികൂടുക സാധ്യമല്ല. ജനവാസ മേഖലയില്‍ ആനയെത്തിയാല്‍ മയക്കുവെടി വയ്ക്കാനുള്ള നടപടികളുമായാണ് തമിഴ് നാട് വനംവകുപ്പിന്റെ ദൗത്യ സംഘം നീങ്ങുന്നത്.
ഇതിനിടെ ആനയുടെ ആരോഗ്യവും സംഘത്തിലുള്ള വെറ്ററിനറി ഡോക്ടര്‍മാര്‍ നിരീക്ഷിച്ചു വരികയാണ്. തുമ്പിക്കൈയ്ക്ക് മുറിവേറ്റ ആനയ്ക്ക് ചികില്‍സ നല്കുന്ന കാര്യവും പരിഗണനയിലാണ്. എന്നാല്‍ അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടിയാല്‍ മാത്രമേ ചികില്‍സ നല്കാന് കഴിയു.