കോട്ടയം: അരിക്കൊമ്പനു നീതി ലഭ്യമാക്കി ചിന്നക്കനാലില്‍ തിരികെയെത്തിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ രണ്ട് നോണ്‍ ഗവണ്മെന്റല് ഓര്ഗനൈസേഷന് സുപ്രിം കോടതിയെ സമീപിക്കുന്നു.
ഹൈക്കോടതി വിദഗ്ധ സമിതിയുടെ കണ്ടെത്തലുകളിലെ പോരായ്മകള്‍ സുപിംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അഞ്ചിനു കോടതിയെ സമീപിക്കുന്ന എന്‍ജിഒകള്‍ക്ക് ആവശ്യമായ നിയമ, സാമ്പത്തിക സഹായങ്ങള്‍ നല്‍കുമെന്നും ജസ്റ്റിസ് ഫോര്‍ അരിക്കൊമ്പന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രകൃതിയുടെ അവകാശികള്‍ മനുഷ്യന് മാത്രമല്ല. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും അവകാശങ്ങളുണ്ട്. ആനയുടെ ആവാസമേഖലയില്നിന്നു സ്ഥലം മാറ്റുന്നതു ശ്വാശ്വത പരിഹാരമല്ല.
2010നുശേഷം ഏഴ് ആനകള്‍ക്ക് അസ്വഭാവിക മരണമുണ്ടായി. അരിക്കൊമ്പനും കൊല്ലപ്പെടുവാന്‍ സാധ്യതയുണ്ട്. അരിക്കൊമ്പന്റെ ആരോഗ്യസ്ഥിതി മോശമാണ്. തുമ്പിക്കൈയിൽ ഉണങ്ങാത്ത വലിയ മുറിവുണ്ട്. പുല്ലും മറ്റ് ആഹാരങ്ങളും വെള്ളവും വലിച്ചെടുക്കുവാന്‍ മുറിവു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
ചിന്നക്കനാലില്‍ തിരികെയെത്തും വരെ ജീവനുംകൊണ്ടു പായുന്ന അരിക്കൊമ്പനെ കാണാനാകും. അരിക്കൊമ്പന്റെ സംരക്ഷണത്തിനു തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ഇന്നു വൈകിട്ട് നാലിനു കോട്ടയം പബ്ലിക് കോളജ് ഓഡിറ്റോറിയത്തില്‍ പൊതുജന സദസ് നടത്തും.
സദസില്‍ ജസ്റ്റിസ് ഫോര്‍ അരിക്കൊമ്പന് ഹാഷ് ടാഗ് സോഷ്യല്‍ മീഡിയ പ്രചാരണത്തിനു തുടക്കംകുറിക്കും.പത്രസമ്മേളനത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ സജി നന്തിയാട്ട്, ജോസ് ജെ. ജേക്കബ്, ബിജു താളത്ത്, എം.കെ. ശശിയപ്പന്‍, എം.എസ്. സാബു എന്നിവര്‍ പങ്കെടുത്തു.