വെള്ളമുണ്ട: തൊണ്ടർനാട് ട്രൈബൽ ഓഫീസിന് മൂക്കിനുതാഴെയുള്ള കുഞ്ഞോം അരിമല കോളനിയിൽ പട്ടിണിയോട് മല്ലിട്ട് ആദിവാസി കുടുംബങ്ങൾ ദുരിതം പേറുന്നു. വനത്തോട് ചേർന്നു താമസിക്കുന്ന പണിയ വിഭാഗത്തിൽപെട്ട അഞ്ച് കുടുംബങ്ങളാണ് ജോലിയെടുക്കാനാവാതെയും ആവശ്യത്തിന് റേഷൻ ലഭിക്കാതെയും പൊറുതിമുട്ടുന്നത്.
ബില്ലടയ്ക്കാത്തിന്റെ പേരിൽ ഒരു കുടുംബത്തിന്റെ വൈദ്യുതിയും കഴിഞ്ഞ ദിവസം വിച്ഛേദിച്ചു. തൊണ്ടർനാട് ചുരുളി കോളിനിയിലേക്ക് പോവുന്ന വനത്തിലൂടെയുള്ള റോഡിന്റെ ഓരം ചേർന്നാണ് അരിമല പണിയ കോളനി. പത്ത് വർഷം മുന്പ് സ്വകാര്യ വ്യക്തി നൽകിയ സ്ഥലത്താണ് 80 വയസ്സുള്ള കണക്കിയും ഇവരുടെ മക്കളുടെ അഞ്ച് കുടുംബങ്ങളും നാല് വീടുകളിലായി കഴിയുന്നത്.
താമസയോഗ്യമായ ഒരു വീടുപോലും കോളനിയിലില്ല. ജോലിക്ക് പോവാൻ കഴിയുന്ന പുരുഷ·ാരാരും തന്നെ ഈ കുടുംബങ്ങളിലില്ല. ഇരുപതോളം പേരടങ്ങുന്ന ഈ കുടുംബങ്ങൾക്കെല്ലാമായി ഒരു റേഷൻ കാർഡും ആഴ്ചയിൽ ആറ് കിലോ അരിയുമാണ് ഇപ്പോൾ ലഭിക്കുന്നത്.
ഇതുപയോഗിച്ചാണ് അർധപട്ടിണിയിൽ കുടംബങ്ങൾ കഴിയുന്നത്. കോളനിയിലെ പുരുഷ·ാരിൽ ഒരാൾക്ക് തളർവാതവും മറ്റൊരാൾക്ക് മാനസികരോഗവുമാണ്. ഇവർക്കുള്ള ചികിത്സയും കൃത്യമായി നടക്കുന്നില്ല. ഇവരെ പരിചരിക്കാൻ എപ്പോഴും അടുത്ത് ആളുണ്ടാവണമെന്നതിനാൽ കണക്കിയുടെ മൂത്ത മകൾ നീലിക്ക് ജോലിക്ക് പോവാൻ കഴിയുന്നില്ല.
ഇതിനിടെയാണ് ബില്ലടച്ചില്ലെന്ന പേരിൽ കണക്കിയും മാനസികരോഗിയായ മകൻ പ്രഭാകരനും താമസിക്കുന്ന വീട്ടിലെ വൈദ്യുതി കണക്ഷൻ ദിവസങ്ങൾ മുന്പ് വൈദ്യുതി ബോർഡ് വിച്ഛേദിച്ചത്. കുഞ്ഞോം ട്രൈബൽ ഓഫീസിന് സമീപത്തായുള്ള അരിമല കോളനിയിലെ ദുരിതം പരിഹരിക്കാൻ അധികൃതർ തയാറായില്ലെങ്കിൽ വയനാട് ജില്ല മറ്റൊരു പട്ടിണി മരണത്തിനുകൂടി സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് പരിസരവാസികൾ പറയുന്നു.