കുളത്തൂപ്പുഴ : വൻകിട കമ്പനികൾ അനധികൃതമായി കൈവശം വച്ചിട്ടുളള 5.5 ലക്ഷം ഏക്കർ സർക്കാർ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്ന് അഡ്വ .എസ്.ഇ.സഞ്ജയ്ഖാൻ ആവശ്യപ്പെട്ടു. അരിപ്പ സമരഭൂമിയിൽ പ്രാദേശിക ഭൂസമര കൺവെൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ഭൂസമരങ്ങൾക്ക് നേതൃത്വം നൽകിയ പിണറായി വിജയൻ അധികാരത്തിലെത്തിയപ്പോൾ വൻകിട കമ്പനികൾ കൈവശം വച്ചിരിക്കുന്ന ഭൂമി നികുതി സ്വീകരിച്ച് വിട്ടു നൽകുന്നത് ഭൂരഹിതരോടുളള കടുത്ത വഞ്ചനയാണ്. തെൻമലയിൽ ഹാരിസൺ കമ്പനി റിയ എസ്റ്റേറ്റിന് മറിച്ചുവിറ്റ 300 ഏക്കർ ഭൂമിക്ക് നികുതി സ്വീകരിച്ച് സർക്കാർ വിട്ടു നൽകിയത് പ്രതിഷേധാർഹമാണ്.
ഇതിനെതിരെ ഭൂരഹിതരെ സംഘടിപ്പിച്ച് ശക്തമായ പ്രതിഷേധ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും അഡ്വ . സഞ്ജയ്ഖാൻ പ്രസ്താവിച്ചു. ചോഴിയക്കോട് ബദറുദ്ദീൻ, ലീലാമ്മ, ചോഴിയക്കോട് ഷാജഹാൻ, മുഹമ്മദ് ഫൈസൽ, തുടങ്ങിയവർ പ്രസംഗിച്ചു.