കുളത്തൂപ്പുഴ: കുടിവെള്ള ക്ഷാമത്താല്‍ വലയുന്ന നാട്ടുകാര്‍ക്ക് ആശ്വാസമായി .വെൽഫെയർപാർട്ടി ജനസേവന വിഭാഗത്തിന്റെ കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണത്തിനു തുടക്കമായി. കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്തിലെ അരിപ്പയിൽ നിർമിക്കുന്ന കുടിവെള്ള വിതരണ പദ്ധതിയുടെ നിർമാണോദ്ഘാടനം കഴിഞ്ഞ ദിവസം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ലൈലാ ബീവി നിർവഹിച്ചു.
ചോഴിയക്കോട് പ്രദേശത്ത് ജനസേവന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നിർമിക്കുന്ന രണ്ടാമത്തെ കുടിവെള്ള വിതരണ ശൃഘലയായ അരിപ്പ കുടിവെള്ള പദ്ധതി വഴി പുറമ്പോക്ക് നിവാസികളായ നിരവധി കുടുംബ ങ്ങൾക്ക് ശുദ്ധജല ലഭ്യമാകും. രണ്ടര ലക്ഷം രൂപ ചിലവില്‍ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുന്ന വിധത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെയാണ് പദ്ധതിയുടെ നിര്‍മ്മാണം നടത്തുന്നതെന്നു സംഘാടകര്‍ പറഞ്ഞു.
ഏതാനും ദിവസം മുമ്പ് സമീപ പ്രദേശത്തെ കുന്നിന്മുകളിലായുള്ള കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കാനായി മാടൻനട പദ്ധതി നിര്‍മ്മാണം പൂർത്തിയാക്കി നാടിന് സമർപ്പിച്ചിരുന്നു. വെൽഫെയർ പാർട്ടി പുനലൂർ നിയോജക മണ്ഡലം പ്രസിഡന്റ് അബ്ദുൽ വഹാബ് അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗം ലാലി തോമസ്, പീപ്പിൾസ് ഫൗണ്ടേഷൻ കുളത്തൂപ്പുഴ മേഖലാ രക്ഷാധികാരി അസ്ലം കൊച്ചുകലുങ്ക്, വെൽഫെയർ പാർട്ടി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കമാൽ ചോഴിയക്കോട്, അരിപ്പ ഭൂസമര സമിതി കൺവീനർ ബദറുദ്ദീൻ, കുടിവെള്ള പദ്ധതി കോർഡിനേറ്റർ ഷഫീഖ് ചോഴിയക്കോട്, അജീനാ, വെൽഫെയർ പാർട്ടി കുളത്തൂപ്പുഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നെല്ലിമൂട് ഷാജഹാൻ, കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് സുലൈമാൻ എന്നിവർ പ്രസംഗിച്ചു.