തെന്മല : മൃതദേഹം മറവ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് റവന്യു അധികൃതരും പ്രാദേശിക ഭൂസമരക്കാരും തമ്മിലുണ്ടായ തകര്‍ക്കത്തെ തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷത്തിലും റോഡ് ഉപരോധത്തിലും പോലീസ് കസ്റ്റഡിയില്‍ എടുത്തവരെ വിട്ടയച്ചു.
സ്ത്രീകളും നേതാക്കളും അടങ്ങുന്ന നാല്‍പ്പതിലധികം ആളുകളെയാണ് കഴിഞ്ഞ ദിവസം കുളത്തുപ്പുഴ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ മാസം 24 നു കുളത്തുപ്പുഴ ഇഎസ്എം കോളനിയില്‍ നിര്‍മ്മാണത്തിലിരുന്ന സ്കൂള്‍ കെട്ടിടത്തിന്റെ ഭാഗം ഇടിഞ്ഞുവീണ് ഡാലി കരിക്കം ചരുവിള പുത്തന്‍വീട്ടില്‍ ഷൈജു (36) അടക്കം രണ്ടു നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
ആന്തരികാവയവങ്ങള്‍ക്കടക്കം ഗുരുതരമായി പരിക്കേറ്റ ഷൈജു ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ മരിച്ചു. കഴിഞ്ഞ ഏഴ് വര്‍ഷമായി ഷൈജുവും മാതാവ് നാണിയും അരിപ്പയിലെ സമരഭൂമിയിലാണ് തമാസിച്ചു വന്നിരുന്നതെന്നും മൃതദേഹം സമരഭൂമിയില്‍ സംസ്കരിക്കണം എന്നും ബന്ധുക്കളും സമരക്കാരും നിലപാട് എടുത്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
മൃതദേഹം സംസ്കരിക്കാന്‍ സമരഭൂമിയില്‍ കുഴിയെടുത്തവര്‍ക്ക് റവന്യു വകുപ്പ് അനുമതി നല്‍കിയില്ല. ഷൈജുവിന്റെ മാതാവിന്റെ പേര്‍ക്ക് ഡാലിയിലുള്ള രണ്ട് സെന്റ് ഭൂമിയില്‍ മൃതദേഹം അടക്കം ചെയ്യുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യാം എന്ന് റവന്യു വകുപ്പ് അറിയിച്ചു.
പഞ്ചായത്തിലെ പൊതുശ്മശാനത്തില്‍ മൃതദേഹം സംസ്കരിക്കാന്‍ എല്ലാ നടപടികളും കൈക്കൊള്ളും എന്ന് ഗ്രാമപഞ്ചായത്ത് അധികൃതരും നിലപാട് അറിയിച്ചു. ഇക്കാര്യങ്ങള്‍ എല്ലാം സമരക്കാര്‍ നിരഹരിച്ചതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഇതോടെ പുനലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം എത്തി.
ഒടുവില്‍ കനത്ത പോലീസ് കാവലില്‍ മൃതദേഹം ഡാലിയിലുള്ള കുടുംബ വീട്ടില്‍ എത്തിച്ചു. എന്നാല്‍ ഈ സമയം മാതാവും സഹോദരിമാര്‍ അടക്കമുള്ളവരെ മൃതദേഹം കാണിച്ചില്ലന്ന് ആരോപിച്ചുകൊണ്ട് ഭൂസമാര്ക്കാര് തിരുവനന്തപുരം ചെങ്കോട്ട അന്തര്‍സംസ്ഥാന പാത ഉപരോധിച്ചു. ഇതോടെയാണ് പോലീസ് ഇടപെടീല്‍ ഉണ്ടായത്.
പാത ഉപരോധിച്ചവരെ ബലപ്രയോഗത്തിലൂടെ പോലീസ് നീക്കം ചെയ്തു. ഇവരെ സ്റ്റേഷനില്‍ എത്തിച്ച ശേഷം മരിച്ച ഷൈജുവിന്റെ മാതാവ്, സഹോദരി എന്നിവരെ ഡാലിയില്‍ എത്തിച്ചു അന്ത്യകര്‍മ്മങ്ങള്‍ നടത്തിയ ശേഷം ആര് ഡി ഒ അടക്കമുള്ളവരുടെ സാനിധ്യത്തില്‍ മൃതദേഹം മറവ് ചെയ്തു. ഇതിനു ശേഷമാണു കസ്റ്റഡിയില്‍ ഉണ്ടായിരുന്നവരെ പോലീസ് വിട്ടയച്ചത്.