കടയ്ക്കല്‍: കൊറോണ വ്യാപനം തടയുന്നതിനായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പുറത്തിറങ്ങി ജോലി ചെയ്യാന്‍ മാര്‍ഗം ഇല്ലാതായി. ഇതോടെ കുളത്തൂപ്പുഴ അരിപ്പയില്‍ ഭൂസമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ പട്ടിണിയിലേക്ക് നീങ്ങുകയാണ്.
നിലവില്‍ ചില സന്നദ്ധസംഘടനകള്‍ നല്കുന്ന സഹായങ്ങള്‍ കൊണ്ട് മാത്രമാണ് ഇവര്‍ ജീവിതം തള്ളി നീക്കുന്നത്. കഴിഞ്ഞ ഏഴുവര്‍ഷമായി ആദിവാസി ദളിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള നൂറുകണക്കിന് പേരാണ് ഭൂമിക്കായി അരിപ്പയില്‍ സമരം ചെയ്യുന്നത്.
എന്നാല്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ വച്ച പദ്ധതികള്‍ പ്രയോഗികമല്ലെന്ന് ചൂണ്ടികാട്ടിയ സമരസമിതി ഇതൊക്കെ തള്ളി. സാധാരണ ദിവസങ്ങളില്‍ ഇവര്‍ പുറത്തുപോയി ജോലി എടുത്താണ് ഉപജീവന മാര്‍ഗം കണ്ടെത്തിയിരുന്നത് എന്നാല്‍ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഇതിന് കഴിയാതെയായി. നിലവില്‍ നൂറ്റിമുപ്പത്തോളം കുടുംബങ്ങള്‍ അരിപ്പയിലുണ്ട്.
ഇവര്‍ക്ക് സഹായം എത്തിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നാളിതുവരെ ഇതിനുള്ള നടപടികള്‍ ഒന്നും സര്‍ക്കാര്‍ തലത്തില്‍ ഉണ്ടായിട്ടില്ല. സമര ഭൂമിയില്‍ ഉണ്ടായിരുന്ന കൃഷിയും വര്‍ഷങ്ങള്‍ക്ക് മുമ്പ് ജില്ല കളക്ടര്‍ നിരോധിച്ചിരുന്നു.
ഈ കൃഷി ഉണ്ടായിരുന്നെങ്കില്‍ ഈ മഹാമാരി സമയത്ത് ആരുടെയും സഹായമില്ലാതെ പട്ടിണി കൂടാതെ ജീവിക്കാന്‍ കഴിയുമായിരുന്നുവെന്നു സമരസമിതി പറയുന്നു.
കുട്ടികള്‍ അടക്കമുള്ള ഇവിടേക്ക് പഞ്ചായത്തോ, ആരോഗ്യ വകുപ്പ് അധികൃതരോ തിരിഞ്ഞുനോക്കാറില്ല എന്നും ഇവര്‍ പറയുന്നു. റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും സൗജന്യ ഭക്ഷ്യ ധാന്യ കിറ്റുകള്‍ എത്തിക്കുമെന്ന് സര്‍ക്കാര്‍ പറയുമ്പോഴും അരിപ്പയില്‍ ഇതൊന്നും നാളിതുവരെ ലഭിച്ചിട്ടില്ല.
അതേസമയം സമര ഭൂമിയില്‍ കൂടുതല്‍പേര്‍ക്കും റേഷന്‍ കാര്‍ഡുകള്‍ ഉണ്ടെന്നും ഇവരെല്ലാം വിവിധ ജില്ലകളിലും പ്രദേശങ്ങളിലുമാണെന്നും അധികൃതര്‍ പറയുന്നു. അതുകൊണ്ട് തന്നെ കിട്ടിയവര്‍ ആരാണ് കിട്ടാത്തവര്‍ ആരാണ് എന്നത് സംബന്ധിച്ച് അറിയില്ലെന്നും ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.