കോതമംഗലം: മാമലക്കണ്ടം ഭാഗത്ത് ലഹരിയുള്ള അരിഷ്ടത്തിന്റെ വിൽപ്പന തടയണമെന്ന് ആവശ്യപ്പെട്ട് മേട്നാപ്പാറ ഗിരിവർഗ ഊരിലെ സ്ത്രീകളും കുട്ടികളും സ്ഥാപനത്തിന് മുന്നിലും പഞ്ചായത്ത് ഓഫീസിലും പ്രതിഷേധവുമായെത്തി.
ആയുർവേദ മരുന്നുകടയിൽ വിൽക്കുന്ന അരിഷ്ടം വാങ്ങിക്കുടിച്ച് ഊരിലെ പുരുഷൻമാർ ലക്കുകെട്ട് സ്വൈര്യജീവിതം നഷ്ടപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി പ്രതിഷേധക്കാർ പോലീസ്, എക്സൈസ്, പഞ്ചായത്ത് അധികൃതർ എന്നിവർക്ക് പരാതി നൽകിയിട്ടും പരിഹാരം ഉണ്ടാകാത്തതിനെ തുടർന്നാണ് കടയുടെ മുന്നിലേക്ക് സ്ത്രീകൾ പ്രതിഷേധവുമായെത്തിയത്.
ജനരോഷം ശക്തമായതോടെ പോലീസും എക്സൈസും സ്ഥലത്തെത്തി ആയൂർവേദ കട താൽക്കാലികമായി അടയ്ക്കാൻ നിർദേശിച്ചു.
തുടർന്ന് കടയുടെ ലൈസൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടന്പുഴ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധക്കാർ ഇരച്ചുകയറി.
പഞ്ചായത്ത് സെക്രട്ടറിയുമായി ആലോപിച്ച് കടയ്ക്കെതിരെ നടപടിയെടുക്കാമെന്ന് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ ഉറപ്പു നൽകിയതോടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞത്.
നിയമപ്രകാരം ആയുർവേദ മരുന്ന് വിൽക്കാൻ ലൈസൻസ് ഉള്ള സ്ഥാപനത്തിന്റെ ഏജൻസിയായി പ്രവർത്തിക്കുന്ന കടയാണിതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
മരുന്നായി നൽകുന്ന അരിഷ്ടം അളവിൽ കൂടുതൽ ഉപയോഗിക്കുന്നുണ്ടോ, മദ്യത്തിനൊപ്പം കഴിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച് ബോധവത്ക്കരണം നടത്തുമെന്നും എക്സൈസ് അധികൃതർ പറഞ്ഞു.