കായംകുളം: ഫേസ്ബുക്കിൽ ലൈവിട്ട ശേഷം കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവിന്റെ വീടിനു നേരേ ആക്രമണം.
സംഭവവുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തക നായ ബാനർജി സലീമിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
വീടും പരിസരവും ഫേസ്ബുക്കിൽ ലൈവിൽ കാണിച്ച ശേഷമാണ് പിറകു വശത്തെ മൂന്ന് ജനാലകളുടെ ചില്ല് അടിച്ചു തകർത്തത്.
ബുധനാഴ്ച വൈകുന്നേരം നാലോടെയായിരുന്നു സംഭവം. യുഡിഎഫ് കായംകുളത്ത് സംഘടിപ്പിച്ച അരിതാരവം പരിപാടിയിൽ പങ്കെടുക്കാൻ വീട്ടുകാർ പോയതിനാൽ വീട്ടിൽ ആരുമുണ്ടായിരുന്നില്ല.
ഇടത് സൈബർ പോരാളിയാണ് അക്രമിയെന്നും സംഭവത്തിനുപിന്നിലെ ഗൂഡാലോചന അന്വേഷിക്കണമെന്നും കോണ്ഗ്രസ് ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച അരിതയുടെ വീട്ടിൽ പ്രിയങ്കഗാന്ധി വന്നിരുന്നു. അരിതയോടൊപ്പം റോഡ് ഷോയിലും പ്രിയങ്ക പങ്കെടുത്തിരുന്നു.
അരിതയുടെ ജനപിന്തുണയിൽ വിറളിപൂണ്ടവരാണ് അക്രമത്തിനു പിന്നിലെന്ന് കോണ്ഗ്രസ് ആരോപിച്ചു.
അരിത ബാബുവിന്റെ വീടാക്രമിച്ചതിലൂടെ സിപിഎം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം വ്യക്തമായിരിക്കുകയാണെന്നു കെ സി വേണുഗോപാൽ എം പി പറഞ്ഞു.
ഇല്ലായ്മകളോട് പടവെട്ടി പൊതുപ്രവർത്തന രംഗത്ത് ചുവടുറപ്പിച്ച സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥികളിലൊരാളായ അരിത ബാബുവിന് പൊതു സമൂഹത്തിൽ നിന്നും ലഭിക്കുന്ന സ്വീകാര്യതയിൽ വിറളി പിടിച്ചാണ് സി പി എം ഇത്തരം അതിക്രമങ്ങൾക്ക് മുതിരുന്നതെന്നാണ് കോൺ ഗ്രസ് നേതൃത്വം പറയുന്നത്.
സംഭവത്തിൽ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. ജോണ്സണ് ഏബ്രഹാം പ്രതിഷേധിച്ചു. പരാജയ ഭീതിപൂണ്ട സിപിഎമ്മിന്റെ ഫാസിസ്റ്റ് നടപടിയാണിത്.
പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന റോഡ് ഷോയുടെ വിജയത്തെ തുടർന്ന് കായംകുളം നിയമസഭാ മണ്ഡലത്തിലാകെ സിപിഎം അക്രമം അഴിച്ചു വിട്ടിരിക്കുകയാണ്.
ഇന്നലെ ഭരണിക്കാവ് ആൽത്തറ ജംഗ്ഷനിൽ നിന്നും ആരംഭിച്ച അരിത ബാബുവിന്റെ സ്വീകരണ പരിപാടി അലങ്കോലപ്പെടുത്താൻ പോലീസിനെ ഉപയോഗിച്ച് സിപിഎം ശ്രമിച്ചിരുന്നതായും ജോണ്സണ് എബ്രഹാം ആരോപിച്ചു.