കായംകുളം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബുവിനു വിദേശനമ്പറിൽനിന്നു മൊബൈല്‍ ഫോണിലേക്ക് അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ അയച്ചത് പ്രവാസിയായ മലപ്പുറം അമരമ്പലം സ്വദേശി ഷമീർ ആണെന്നു കണ്ടെത്തി. ഇയാൾക്കെതിരേ അരിത ബാബു കായംകുളം ഡിവൈഎസ്പി ഓഫീസില്‍ പരാതിയും നല്കി.
അതിനിടെ ഇയാൾ മാപ്പുപറഞ്ഞ് തടിയൂരാൻ ശ്രമവും തുടങ്ങി. ഒരു പെൺകുട്ടിയുടെ പ്രൊഫൈൽ കണ്ടപ്പോൾ വീഡിയോ കോൾ ചെയ്തു നോക്കിയതാണെന്നും ആളുമാറിയാണ് സന്ദേശം അയച്ചതെന്നും അതിനാൽ മാപ്പ് പറയുന്നു എന്നുമാണ് ഇയാൾ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നത്. മാപ്പ് പറയുന്ന സന്ദേശങ്ങളും വീഡിയോയും ഇയാൾ അരിതയുടെ ഫോണിൽ വാട്സാപ്പ് മുഖേന നൽകിയിട്ടുമുണ്ട്. എന്നാൽ മാപ്പുപറച്ചിലിൽ കാര്യമില്ലെന്നും നിയമ നടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും അരിത രാഷ്ട്രദീപികയോട് പറഞ്ഞു.
കഴിഞ്ഞദിവസം വിദേശനമ്പരില്നിന്ന് അരിത ബാബുവിന്റെ ഫോണിലേക്ക് ആദ്യം വാട്സാപ്പില്‍ തുടര്‍ച്ചയായി വീഡിയോ കോള്‍ വരികയായിരുന്നു. പിന്നീട് അശ്ലീല ദൃശ്യങ്ങളും. തനിക്കുണ്ടായ മോശം അനുഭവം വീഡിയോ സ്ക്രീന്‍ഷോട്ട് ഉള്‍പ്പെടെ ഫേസ്ബുക്കിലൂടെ സുഹൃത്തുക്കളുമായി അരിത പങ്കുവച്ചിരുന്നു. നിയമ നടപടിയുമായി മുന്നോട്ടുപോകാൻ സുഹൃത്തുക്കളുടെ വലിയ പിന്തുണയും അരിതയ്ക്കു ലഭിച്ചിരുന്നു.