ഹരിപ്പാട്: സ്കൂട്ടർ യാത്രക്കാരിയെ മറ്റൊരു സ്കൂട്ടറിൽ എത്തിയ രണ്ടുപേർ സ്കൂട്ടർ ഇടിച്ചു വീഴ്ത്തിയശേഷം ദേഹത്ത് അണിഞ്ഞിരുന്ന മൂന്നു പവൻ ആഭരണങ്ങൾ കവർന്നു. കരിപ്പുഴ നാലുകെട്ടും കവല കവലക്കൽ രവിയുടെ മകൾ ആര്യ(23)ക്കാണ് സ്കൂട്ടർ ഇടിച്ചു വീഴ്ത്തിയശേഷം ആഭരണങ്ങൾ നഷ്ടമായത്. ശനിയാഴ്ച രാത്രി 7.45ന് മുട്ടം എൻടിപിസി റോഡിലായിരുന്നു സംഭവം.
രാമപുരത്തെ സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരിയായ ആര്യ ജോലികഴിഞ്ഞ് തിരിച്ചു വീട്ടിലേക്ക് പോകുന്നതിനിടയിൽ പിന്നിലൂടെയെത്തിയ സ്കൂട്ടർ ആര്യയുടെ സ്കൂട്ടറിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ആര്യയെ രക്ഷിക്കാനെന്ന വ്യാജേന അടുത്തെത്തി ഒരു കാലിൽ കിടന്ന പാദസരം ബലമായി ഊരിയെടുത്തു.
ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ മുടിയിൽ കുത്തിപ്പിടിച്ച് മറ്റേ കാലിൽക്കിടന്ന പാദസരം പൊട്ടിച്ചെടുത്തു. ഇരുകൈകളിലും കിടന്ന രണ്ടു മോതിരവും കൈ ചെയിനും ബലമായി ഊരിയെടുത്തെന്നും ആര്യ പറഞ്ഞു. ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാൻ സാധിച്ചില്ലെന്ന് ആര്യ പോലീസിന് കൊടുത്ത മൊഴിയിൽ പറയുന്നു.
സംഭവ സമയത്ത് മഴയും റോഡ് വിജനവും ആയതിനാൽ താൻ ഉറക്കെ നിലവിളിച്ചുവെങ്കിലും ആരും രക്ഷപ്പെടുത്താൻ എത്തിയില്ലെന്നും ആര്യ പറഞ്ഞു.കരിയിലക്കുളങ്ങര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ധർ സ്ഥലത്ത് പരിശോധന നടത്തി.
ഈ റോഡ് ഒന്നേകാൽ കിലോമീറ്ററോളം പാടത്തിന് നടുവിലൂടെയുള്ള വിജനമായ പ്രദേശമാണ്. ഇവിടത്തെ വഴിവിളക്കുകൾ ഒന്നും കത്താറില്ലെന്നും രാത്രികാലങ്ങളിൽ ഇവിടെ സാമൂഹ്യവിരുദ്ധരുടെ ശല്യം കൂടുതലാണെന്നും നാട്ടുകാർ പറഞ്ഞു.