കോട്ടയം: ലളിതവിവാഹത്തിലൂടെ മാതൃക കാട്ടി മലയാളി ഐആര്‍എസ് ഓഫീസറായ കോട്ടയം സ്വദേശിനി ആര്യ ആര്. നായരും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ ഡല്‍ഹി സ്വദേശി ശിവം ത്യാഗിയും.
27ന് ആര്‍ഭാടങ്ങള്‍ ഒഴിവാക്കി പാമ്പാടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം. ദമ്പതികള്‍ വിവാഹജീവിതത്തിലേക്കു പ്രവേശിക്കുന്ന സന്തോഷം പങ്കുവയ്ക്കുന്നത് അര്‍ഹതപ്പെട്ട 20 കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസച്ചെലവുകള്‍ ഏറ്റെടുത്തിട്ടായിരിക്കും.
ഇക്കാര്യം ആര്യ ആര്. നായര്‍ ഫേസ്ബുക്കില്‍ കുറിക്കുകയും ചെയ്തു.സിവില്‍ സര്‍വീസില്‍ ആര്യ ആര്. നായര്‍ക്ക് രണ്ടാം ഊഴത്തില്‍ മികച്ച നേട്ടമാണുണ്ടായത്.
113-ാം റാങ്ക് നേടിയാണ് നേട്ടം കൈവരിച്ചത്. 2019-ല്‍ 301-ാം റാങ്ക് നേടിയിരുന്നു. ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസില്‍ സേവനം അനുഷ്ഠിക്കുന്നതിനിടയിലാണ് രണ്ടാമതും സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് ഉന്നത വിജയം നേടുന്നത്.
മധ്യപ്രദേശില്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ സേവനം അനുഷ്ഠിക്കുന്നതിനിടെയാണ് ആദ്യം സിവില്‍ സര്‍വീസ് പരീക്ഷ പാസായത്. വിദ്യാഭ്യാസം മുഴുവനും കോട്ടയത്താണ് നടത്തിയത്.
പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തില്‍ യുപി സ്കൂള്‍ വിദ്യാഭ്യാസവും കൂരോപ്പട സാന്താമരിയ സ്കൂളില്‍ ഹൈസ്കൂള്‍ പഠനവും നടത്തി. കിടങ്ങൂര്‍ എന്‍ജിനീയറിംഗ് കോളജില്‍നിന്നു ബിടെക് ബിരുദവും നേടി.
ഡല്‍ഹി സ്വദേശിയും അഹമ്മദാബാദില്‍ നികുതി വകുപ്പില്‍ അസിസ്റ്റന്റ് കമ്മീഷണറുമാണ് ശിവം ത്യാഗി. ശിവത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ആര്യ വിവാഹക്കുറിപ്പ് ഫേസ് ബുക്കില്‍ പങ്കുവച്ചത്.
നാഗ്പൂരില്‍ ഐആര്‍എസ് പരിശീലനത്തിലാണ് ആര്യ ഇപ്പോള്‍. ഏപ്രിലോടെ സര്‍വീസില്‍ പ്രവേശിക്കും. റിട്ട.ജോയിന്റ് ലേബര്‍ കമ്മീഷണറായ കോട്ടയം കൂരോപ്പട അരവിന്ദത്തില്‍ ജി. രാധാകൃഷ്ണന് നായരുടെയും റിട്ട. അധ്യാപിക സുജാതയുടെയും മകളാണ് ആര്യ.