കൊച്ചി: തിരുവനന്തപുരം നഗരസഭയിലെ വിവാദ കത്ത് സംഭവത്തിൽ മേയർ ആര്യ രാജേന്ദ്രനെതിരെ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
ഹർജിയിൽ മേയർ ഉൾപ്പടെയുള്ള എതിർ കക്ഷികൾക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. മേയറുടെ വിശദീകരണം കൂടി കേട്ട ശേഷമാണ് ഇന്ന് ഹർജി പരിഗണിക്കുന്നത്.
കോർപറേഷനിലെ ഒഴിവുകൾ നികത്താൻ പാർട്ടി അംഗങ്ങളുടെ പേര് നൽകാൻ ആവശ്യപ്പെട്ട് സിപിഎം ജില്ല സെക്രട്ടറിക്ക് മേയറുടെ ലെറ്റർപാഡിൽ കത്തയച്ച സംഭവത്തിലാണ് മുൻ കൗണ്‍സിലർ ജി.എസ്. ശ്രീകുമാർ ഹർജി നൽകിയിരിക്കുന്നത്.
അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിന് പരാതി നൽകിയിട്ടുണ്ടെങ്കിലും രാഷ്ട്രീയ സ്വാധീനം മൂലം അന്വേഷണം നടക്കാനിടയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.
വിജിലൻസ് അന്വേഷണം സാധ്യമല്ലെങ്കിൽ സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനോ അല്ലെങ്കിൽ സിബി ഐ യോ അന്വേഷിക്കാൻ ഉത്തരവിടണമെന്നാണ് ആവശ്യം.
നഗരസഭ ആരോഗ്യ വിഭാഗത്തിലെ ഒഴിവുകളിലേക്കാണ് പാർട്ടി പ്രവർത്തകരുടെ പട്ടിക തേടി കത്തയച്ചതെന്നാണ് ഹർജിയിലെ ആരോപണം.