തിരുവനന്തപുരം: താൽകാലിക ഒഴിവുകളിലേക്ക് മുൻഗണനാ ലിസ്റ്റ് ആവശ്യപ്പെട്ടുകൊണ്ട് മേയറുടെ പേരിലുള്ള കത്തിനെചൊല്ലിയുള്ള വിവാദം കത്തുന്നതിനിടെ സിപിഎം ജില്ലാ സെക്രട്ടറിയുടെയും കൗണ്സിലർ ഡി.ആർ.അനിലിന്റെയും മൊഴി ഇനിയും രേഖപ്പെടുത്താൻ ക്രൈം ബ്രാഞ്ചിനു കഴിഞ്ഞിട്ടില്ല.
രണ്ടു പേരുടെയും മൊഴി രേഖപ്പെടുത്തിയാൽ ഉടൻ പ്രാഥമിക അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് ക്രൈം ബ്രാഞ്ച് നൽകും.അതേസമയം തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കാനാണ് ക്രൈം ബ്രാഞ്ചിന്റെ ശ്രമം.
മേയറുടെ കത്ത് വിവാദത്തിൽ ക്രൈം ബ്രാഞ്ച് സംഘത്തിന്റെ പ്രാഥമിക പരിശോധന പൂർത്തിയായി. റിപ്പോർട്ട് ഉടൻ നൽകുമെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ വ്യക്തമാക്കി.
സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും എന്ന് മൊഴി നൽകുമെന്നതിനെ കുറിച്ച് വ്യക്തമായ വിവരം ക്രൈം ബ്രാഞ്ചിന് നൽകിയിട്ടില്ല.
മാധ്യമ പ്രവർത്തകരോട് പറഞ്ഞതിൽ കൂടുതലായി ഒന്നും തനിക്ക് പറയാനില്ലെന്ന് അദ്ദേഹം ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരോട് നേരത്തെ പറഞ്ഞിരുന്നു. നിലവിൽ മേയർ ആര്യാ രാജേന്ദ്രന്റെയും നഗരസഭയിലെ രണ്ട് ജീവനക്കാരുടെയും മൊഴി മാത്രമാണ് ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുള്ളത്.
നിലവിലെ മൊഴി അനുസരിച്ച് പോലീസ് കേസെടുത്ത് അന്വേഷണം നടത്തേണ്ടിവരും എന്നാണ് റിപ്പോർട്ടുകൾ. കത്ത് വിവാദത്തിൽ അനേഷണം ആവശ്യപ്പെട്ട് മേയർ മുഖ്യമന്ത്രിക്ക് നൽകിയ പരാതി ഡിജിപി ക്ക് കൈമാറുകയായിരുന്നു.
ഡിജിപി സംഭവത്തേക്കുറിച്ച് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ക്രൈം ബ്രാഞ്ചിനോട് നിർദേശിക്കുകയായിരുന്നു. എന്നാൽ കത്ത് വിവാദം അവസാനിപ്പിക്കാനും അട്ടിമറിക്കാനുമാണ് ക്രൈം ബ്രാഞ്ച് അനേഷണത്തിന് വിട്ടതെന്ന് കോൺഗ്രസും ബിജെപി യും ആരോപിച്ചു.
കേസ് എടുത്ത് അനേഷിക്കാൻ സർക്കാർ തയാറാകണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.ക്രൈം ബ്രാഞ്ച് എസ് പി മധുസൂദനനന്റെ നേതൃയത്തിലുള്ള സംഘമാണ് കത്ത് വിവാദത്തെ കുറിച്ച് പ്രാഥമിക അനേഷണം നടത്തുന്നത്അതേസമയം കത്ത് വിവാദത്തിൽ കോർപ്പറേഷന് അകത്തും പുറത്തും പ്രതിഷേധം തുടരുകയാണ്.
കോർപ്പറേഷന് പുറത്ത് കോൺഗ്രസിന്റെ സത്യഗ്രഹസമരം തുടരുകയാണ്.ഇന്ന് സിഎംപി നേതാവ് സി.പി.ജോണിന്റെ നേതൃത്വത്തിൽ കോർപ്പറേഷന് പുറത്ത് യുഡിഎഫ് പ്രതിഷേധിക്കും. ബിജെപി കൗൺസിലർമാരുടെ പ്രതിഷേധത്തിനു പുറമെ ഒബിസി മോർച്ചയുടെ മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്.