കൊച്ചി: തിരുവനന്തപുരം നഗരസഭ മേയർ ആര്യ രാജേന്ദ്രൻ സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്ത് നൽകിയത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
സർക്കാർ മേഖലകളിൽ പിൻവാതിൽ നിയമനത്തിന് പാർട്ടിക്കാരെ ശിപാർശ ചെയ്തുകൊണ്ടുള്ള കത്തുകൾ മുൻപും പാർട്ടി ഓഫീസുകളിൽ ചെന്നിട്ടുണ്ട്.
ഇതു സംബന്ധിച്ച് ധാരാളം പരാതികൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും തിരുവനന്തപുരത്ത് മടങ്ങിയെത്തിയശേഷം ഇതു സംബന്ധിച്ച തെളിവുകൾ പുറത്തുവിടുമെന്നും ഗവർണർ കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
സംസ്ഥാനം ഭരണഘടനാതകർച്ചയിലാണ്. തനിക്കെതിരേ രാജ്ഭവനിലേക്ക് മാർച്ച് നടത്തട്ടെയെന്നും തന്നെ റോഡിൽ ആക്രമിക്കട്ടെയെന്നും ഗവർണർ പറഞ്ഞു.
നിയമനക്കത്ത് വിവാദത്തിൽ തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലർമാർ ഇന്ന് ഗവർണറെ നേരിട്ട് കണ്ട് പരാതി നൽകാനിരിക്കുന്ന സാഹചര്യത്തിലായിരുന്നു പാർട്ടിയെയും നഗരസഭയെയും സർക്കാരിനെയും പ്രതിക്കൂട്ടിലാക്കിയുള്ള ഗവർണറുടെ പ്രതികരണം.
ഇന്നലെ കൊച്ചിയിൽ അർബൻ മൊബിലിറ്റി കോണ്‍ക്ലേവിന്റെ സമാപന ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഗവർണർ ഇന്നലെ എറണാകുളം ഗസ്റ്റ് ഹൗസിലാണ് തങ്ങിയത്.
ഇന്നു രാവിലെ വിമാനമാർഗം അദ്ദേഹം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. ഇതിനിടെയാണ് തന്നെ കാണാൻ വന്ന മാധ്യമപ്രവർത്തകരോട് വിവാദ കത്ത് സംബന്ധിച്ച് പ്രതികരണം നടത്തിയത്.