നിലമ്പൂര്‍: കെപിസിസി പുനഃസംഘനയില്‍ കെപിസിസി അംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന് മുഹമ്മദിന്റെ മകനുമായ ആര്യാടന് ഷൗക്കത്ത് കെപിസിസി സെക്രട്ടറിയാകാനുള്ള കരുനീക്കം തുടങ്ങി. വി.വി.പ്രകാശ് ഡിസിസി പ്രസിഡന്റായതോടെ നിലമ്പൂരിന് നിലവിലുള്ള രണ്ട് കെപിസിസി സെക്രട്ടറി സ്ഥാനങ്ങളില്‍ ഒരു ഒഴിവ് വരും. നിലവിലെ സാഹചര്യത്തില്‍ ആര്യാടന് ഷൗക്കത്തിന്റെതല്ലാതെ മറ്റൊരു പേര് വരാനുള്ള സാധ്യതയും കുറവാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും നിലമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാ ചെയര്മാന് എന്നീ നിലകളില്‍ കഴിവ് തെളിയിച്ച വ്യക്തി എന്ന നിലയിലും ഷൗക്കത്തിന് സാധ്യത തെളിയും. ആര്യാടന് മുഹമ്മദിന്റെ നോമിനിയെ മറികടന്ന് വി.വി. പ്രകാശ് പ്രസിഡന്റായതിനെ തുടര്‍ന്ന് ആര്യാടന് ക്യാമ്പിനുണ്ടായിരിക്കുന്ന നീരസം ഒഴിവാക്കുന്നതിനും ഇത് സഹായകരമാകുമെന്ന വിലയിരുത്തലാണ് സംസ്ഥാന നേതൃത്വത്തിനുള്ളത്. ആര്യാടന്റെ വിശ്വസ്തനായ വി.എ.കരീം നിലവില്‍ കെപിസിസി സെക്രട്ടറിയാണ്. ഇദ്ദേഹത്തെ കെപിസിസി ജനറല്‍ സെക്രട്ടറിയാക്കി ഉയര്‍ത്താനും സാധ്യതയുണ്ട്.
ജില്ലയില്‍ കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ട നിയമസഭാ തിരഞ്ഞെടുപ്പാണ് ഇക്കഴിഞ്ഞത്. 1977ല്‍ മൂന്ന് മണ്ഡലങ്ങളില്‍ മത്സരിച്ച കോണ്‍ഗ്രസ് മൂന്ന് സീറ്റും നേടിയിരുന്നു. 1996ല്‍ പന്തളം സുധാകരന് സിപിഎമ്മിലെ എന്‍. കണ്ണനോട് വണ്ടൂരില്‍ പരാജയപ്പെട്ടപ്പോള്‍ പൊന്നാനിയില്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞതിനാല്‍ ജില്ലയില്‍ രണ്ട് സീറ്റ് നിലനിര്‍ത്താനായി. 2011ല്‍ മലപ്പുറത്ത് നാല് നിയമസഭാ സീറ്റുകള്‍ വര്‍ധിച്ച് 16 മണ്ഡലമായപ്പോള്‍ കോണ്‍ഗ്രസിന് മത്സരിക്കാന്‍ ഒരു സീറ്റുകൂടി അധികമായി ലഭിച്ചു. ഇങ്ങനെ ലഭിച്ച തവനൂരില്‍ വി.വി.പ്രകാശ് മത്സരിച്ചെങ്കിലും കെ.ടി. ജലീലിനോട് പരാജയപ്പെടുകയായിരുന്നു.
87മുതല്‍ ആര്യാടന് തുടര്‍ച്ചയായി ജയിച്ചുവരുന്ന നിലമ്പൂര്‍ സീറ്റിലെ പരാജയം കോണ്‍ഗ്രസിന് ജില്ലയിലേറ്റ ഏറ്റവും കനത്ത തിരിച്ചടിയായാണ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ എ, ഐ ഗ്രൂപ്പുകളെ ഒന്നിച്ച് നിര്‍ത്തുന്നതിനോടൊപ്പം എ ഗ്രൂപ്പിലെ ഭിന്നതക്ക് തടയിടുന്നതിനും കെപിസിസി പുനഃസംഘടനയില്‍ ആര്യാടന് ഷൗക്കത്തിന് സെക്രട്ടറി പദം നല്‍കുന്നത് ഉചിതമായിരിക്കുമെന്ന വിലയിരുത്തല്‍ പാര്‍ട്ടിക്കുള്ളില്‍ ശക്തമാകുന്നതായാണ് സൂചന.
വി.എ. കരീമും ആര്യാടന് ഷൗക്കത്തും എ ഗ്രൂപ്പ് ബാനറില്‍ കെപിസിസി ഭാരവാഹിത്വത്തിലേക്ക് വരികയാണെങ്കില്‍ സ്ഥാനങ്ങള്‍ പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ടുള്ള സമവാക്യങ്ങളില്‍ സന്തുലനാവസ്ഥ നിലനിര്‍ത്താന്‍ കഴിയുമോ എന്ന പ്രശ്നം ഉയര്‍ന്നുവന്നാല്‍ മാത്രമേ ആര്യാടന് ഷൗക്കത്തിന് തിരിച്ചടിയാകൂ. വി.വി.പ്രകാശിന് ഡിസിസി പ്രസിഡന്റ് പദം നല്കുമ്പോള് നേതൃത്വം ആര്യാടനും ചില ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന സൂചനയും ശക്തമാണ്.