എം.സുരേഷ്ബാബു
തിരുവനന്തപുരം: ആരോപണങ്ങൾ തെളിയിക്കട്ടെ, ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് മുൻ മന്ത്രി ആര്യാടൻ മുഹമ്മദ്. സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ യുഡിഎഫ് നേതാക്കൾക്കെതിരെ കേസ് വന്നാൽ രാഷ്ട്രീയമായും നിയമപരമായും അതിനെ നേരിടുമെന്ന് ആര്യാടൻ മുഹമ്മദ് രാഷ്ട്രദീപികയോട് പറഞ്ഞു.
സരിതയുടെ കന്പനിക്കൊ സരിതയ്ക്കൊ യാതൊരു സഹായവും താനോ തന്റെ വകുപ്പോ ചെയ്ത് കൊടുത്തിട്ടില്ല. അങ്ങനെ എന്തെങ്കിലും തന്റെ വകുപ്പിൽ നിന്നു ചെയ്തു കൊടുത്തിട്ടുണ്ടെന്ന് തെളിയിക്കാൻ പറ്റുമെങ്കിൽ തെളിയിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ വേങ്ങര ഉപതെരഞ്ഞെടുപ്പ് സമയത്ത് തന്നെ സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ ശിപാർശകൾ എന്ന് പറഞ്ഞ് മുഖ്യമന്ത്രി കൈക്കൊണ്ട നടപടികൾ രാഷ്ട്രീയപ്രേരിതമാണ്.
സരിത എസ് നായരുടെ ആരോപണങ്ങൾക്ക് യാതൊരുവിധ തെളിവുകളുമില്ല. സരിതയ്ക്ക് വേണ്ടി ഒരു സഹായവും ചെയ്ത് നൽകിയിട്ടില്ല. പൊതുഖജനാവിന് ഒരു നഷ്ടവും വരുത്തിയിട്ടില്ലെന്നും ആര്യാടൻ മുഹമ്മദ് വ്യക്തമാക്കി. സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൻമേൽ മന്ത്രിസഭ ചർച്ച ചെയ്തെടുത്ത തീരുമാനങ്ങളും നിയമോപദേശവും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനം നടത്തി വ്യക്തമാക്കിയതോടെയാണ് സോളാർ കേസ് വീണ്ടും ചർച്ചാവിഷയമായത്.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, അടൂർ പ്രകാശ്, എ.പി.അനിൽകുമാർ, എം.പി.കെ.സി.വേണുഗോപാൽ, എംഎൽഎ ബെന്നി ബെഹനാൻ, കോണ്ഗ്രസ് നേതാവ് തന്പാനൂർ രവി, ഡിജിപി എ.ഹേമചന്ദ്രൻ, എഡിജിപി. കെ.പത്മകുമാർ എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് കമ്മീഷൻ ശിപാർശ ചെയ്തിരുന്നത്.
സരിതയുടെ കത്തിൽ പേര് പരാമർശിക്കുന്നവർക്കെതിരെ ബലാൽസംഗ കുറ്റം ചുമത്താനും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനിച്ച കാര്യവും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.