അഞ്ചു വർഷം മുന്പ് ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവയിലെ ചെറിയൊരു ഗ്രാമത്തിൽനിന്ന് ഒരു കുട്ടിയുടെ വീഡിയോ പുറത്തു വന്നിരുന്നു.
ആ വീഡിയോ വൈറലാവുകയും ചെയ്തു. ലോകത്തിലെ ഏറ്റവും ഭാരമേറിയ ആണ് കുട്ടിയായ ആര്യ പെർമാനൻ ആയിരുന്നു ആ വീഡിയോയിലുണ്ടായിരുന്നത്.
ഇപ്പോൾ ആര്യയുടെ മറ്റൊരു വീഡിയോയാണ് വൈറൽ. 107 കിലോ ഭാരം കുറച്ചാണ് പതിന്നാലാം വയസിൽ അവൻ വൈറലായിരിക്കുന്നത്.
ഒന്പതാം വയസിൽ അവന്റെ ഭാരം 127 കിലോയായിരുന്നു. പിന്നീട് 190 കിലോയിലേക്ക് എത്തി. ഭക്ഷണത്തിലെ നിയന്ത്രണം, കൃത്യമായ വ്യായാമം, ഗ്യാസ്ട്രിക്ബാൻഡ് ഓപറേഷൻ എന്നിവയെല്ലാം കൊണ്ടാണ് ആര്യ തന്റെ ഭാരം കുറച്ചത്.
കുറച്ചുനാൾ മുന്പ് ആര്യയുടെ വാർത്ത മാധ്യമങ്ങളിൽ വന്നിരുന്നു. എന്നാൽ, വണ്ണം കുറച്ച ശേഷമുള്ള ജീവിതമാണ് ഇപ്പോൾ വീണ്ടും വാർത്തയാകുന്നത്.
കുളിക്കാൻ പ്രത്യേക കുളം
സാധാരണ മനുഷ്യരെക്കാൾ വലുപ്പം കൂടുതലുള്ള ആര്യക്കു കുളിക്കാൻ വീടിനു പുറത്തു പ്രത്യേകം കുളം തയാറാക്കിയിരുന്നു.
ശ്വസം മുട്ടുന്നതുകൊണ്ട് അധിക ദൂരം നടക്കാൻ കഴിയാതിരുന്നതിനാൽ സ്കൂളിൽ പോകാൻ പോലും കഴിഞ്ഞിരുന്നില്ല.
ഒരു തരത്തിലുള്ള വസ്ത്രവും പാകമായിരുന്നില്ല. അതിനാൽ അവൻ സ്വയം ഒരു സരോംഗിൽ പൊതിഞ്ഞാണ് നടന്നിരുന്നത്.
ജങ്ക് ഫുഡും അവന് ഏറെ പ്രിയപ്പെട്ട ഇൻസ്റ്റന്റ് നൂഡിൽസും സ്ഥിരമായി കഴിച്ചിരുന്നതാണ് ഈ പ്രശ്നങ്ങൾക്കൊക്കെ കാരണം.
രണ്ടുപേർക്കുള്ളത്
ആര്യയുടെ മാതാപിതാക്കളായ റോക്യയും ആദെ സോമാറ്റ്രിയും നിസഹായരായിരുന്നു. മകന്റെ ഈ അവസ്ഥിൽ ഏറെ ഉത്കണ്ഠാകുലരായ മാതാപിതാക്കൾ ഭക്ഷണത്തിൽ നിയന്ത്രണങ്ങളൊക്കെ വരുത്തിയിരുന്നെങ്കിലും കാര്യമായ പുരോഗതിയൊന്നുമുണ്ടായിരുന്നില്ല.
പത്താം വയസിൽ ആര്യ കോളയ്ക്കും ഇൻസ്റ്റന്റ് നൂഡിൽസിനും അടിമയായിരുന്നു. ചോറ്, മീൻ കറി, ബീഫ്, വെജിറ്റബിൾ സൂപ്പ്, ടെന്പ എന്ന പരന്പരാഗത സോയ കേക്ക് എന്നിങ്ങനെ രണ്ടു മുതിർന്നവർക്ക് ഒരു ദിവസം മുഴുവൻ കഴിക്കാനവാശ്യമായ ഭക്ഷണം ഒറ്റ നേരം അവൻ കഴിക്കുമായിരുന്നു.
ഒരു ഡയറ്റീഷന്റെ നിർദേശങ്ങൾ വഴി പഴങ്ങൾ, പച്ചക്കറികൾ, ദിവസവുമുള്ള നടത്തം , എക്സൈസ്, നീന്തൽ എന്നിവ വഴി നാലുമാസംകൊണ്ട് ഒന്പതു കിലോ ഭാരമാണ് ആര്യ ആദ്യം കുറച്ചത്. അപ്പോഴും കുറയ്ക്കേണ്ട ഭാരത്തിൽനിന്ന് ഏറെ അകലെയായിരുന്നു.
ഡയറ്റ്, വ്യായാമം, ഓപ്പറേഷൻ
ഇന്ന് ആര്യ എല്ലാ ദിവസും മൂന്നു കിലോമീറ്റർ നടക്കുന്നുണ്ട്. ബാസ്കറ്റ്ബോളും മറ്റ് കായിക വിനോദങ്ങളിലും ഏർപ്പെടുന്നുണ്ട്.
മരത്തിൽ കയറുകയും മോട്ടോർ സൈക്കിൾ ഓടിക്കുകയും ചെയ്യുന്നുണ്ട്. 2015ൽ ഞാൻ ഒരിക്കലും കരുതിയിരുന്നില്ല എന്റെ ഭാരം കുറയ്ക്കാൻ കഴിയുമെന്ന്. ഇപ്പോൾ ഏറെ മെച്ചപ്പെട്ടതായി തോന്നുന്നു.
അവന്റെ വേദനാജനകമായ വീഡിയോകൾ പുറത്തുവന്നതിനു ശേഷം, ഡോക്ടർമാർ ഒരു ബാരിയാട്രിക് ശസ്ത്രക്രിയ (വണ്ണം കുറയ്ക്കാനുള്ള ശസ്ത്രക്രിയ) നടത്തി.
ഇതു വെറും മൂന്ന് ആഴ്ചയ്ക്കുള്ളിൽ 186.4 കിലോഗ്രാമിൽനിന്ന് 169 കിലോയായി ഭാരം കുറയ്ക്കാൻ ആര്യയെ സഹായിച്ചു.
’’ഞങ്ങൾ വാഴപ്പഴം പോലെയുള്ള ഒരു രൂപം അവന്റെ വയറിൽ ഉണ്ടാക്കി, അവന്റെ വയറു സാധാരണ വയറുകൾക്കുണ്ടാകുന്ന വലുപ്പത്തിന്റെ 30 ശതമാനം അധികമായിരുന്നു.
ശസ്ത്രക്രിയ വഴി കഴിക്കുന്നതു കുറച്ചു,’’ ഓപ്പറേഷൻ നടത്തിയ സർജനായ ഡോ. ഹാൻഡി വിംഗ് പറഞ്ഞു.
’’മറ്റ് കുട്ടികളെപ്പോലെ ജീവിക്കുകയും കാര്യങ്ങൾ ചെയ്യാൻ കഴിയുകയും ചെയ്യുന്നതു സന്തോഷകരമാണെന്നും അദ്ദേഹം പറയുന്നു.
ജീവിതം സാധാരണം
ജീവിതം സാധാരണ നിലയിലേക്ക് എത്തിക്കാൻ ഭക്ഷണത്തിന്റെയും ഉറക്കത്തിന്റെയും ശീലം മാറ്റി. ഇതു ശരീരഭാരം കുറയ്ക്കാൻ സഹായിച്ചു.
അരി, ടെന്പെ, ടോഫു, വറുത്ത ചിക്കൻ എന്നിവ ഉൾപ്പെടുന്ന ഭക്ഷണക്രമമാണ് ഒരു ദിവസം മൂന്നു നേരം കഴിക്കുന്നത്. ’’മുന്പ്,പുലർച്ചെ മൂന്നിനും നാലിനുമൊക്കെ ഉറങ്ങിയിരുന്ന ഞാൻ ഇപ്പോൾ 10 മണിക്ക് ഉറങ്ങും.
പല ആളുകളും ഒരാഴ്ച നിർബന്ധിത ഭക്ഷണക്രമത്തിൽ ഏർപ്പെടുകയും എട്ടാം ദിവസം അവർ വണ്ണം കുറച്ചു സന്തുഷ്ടരാകുകയും ചെയ്യും.
പക്ഷേ, വീണ്ടും ധാരാളം കഴിക്കുകയും വീണ്ടും ശരീരഭാരം കൂട്ടുകയും ചെയ്യും.വണ്ണം കുറയ്ക്കാനാഗ്രഹിക്കുന്നവർ ഭക്ഷണത്തിന്റെ അളവ് ക്രമേണ കുറയ്ക്കണം.
ഉടനടി കുറയ്ക്കാതെ ഒാരോ ആഴ്ചയും കുറയ്ക്കുക… അങ്ങനെ നിയന്ത്രണവും വ്യായാമവും ഉണ്ടെങ്കിൽ ഏതു പൊണ്ണത്തടിയും കുറയ്ക്കാമെന്നും ആര്യ പറയുന്നു.