കോട്ടയം: ബേക്കറിയിൽ പരിശോധനയ്ക്കെത്തിയ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥൻ കാണിച്ച കള്ളത്തരം സിസിടിവി കാമറയിൽ കുടുങ്ങിയ സംഭവത്തിൽ ഉദ്യോഗസ്ഥനെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ഹോട്ടൽ ഉടമയും അസോസിയേഷനുകളും ജില്ലാ കളക്ടർക്കും നഗരസഭയ്ക്കും പരാതി നൽകി. കോട്ടയം നഗരത്തിലെ ഹോട്ടൽ ആര്യാസ് ഗ്രാൻഡ് ബേക്കറിയിലാണു സംഭവം.
കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥൻ ബേക്കറിയുടെ അടുക്കള ഭാഗത്തു പരിശോധന നടത്തുന്നതിനിടയിൽ കേക്കുകൾ സൂക്ഷിക്കുന്ന റാക്കിൽ നിന്നും കേക്കുകൾ നിലത്തേക്കു വലിച്ചിടുന്നതും തുടർന്നു കേക്കുകൾ വൃത്തിഹീനമായി നിലത്ത് വച്ചിരിക്കുകയാണ് എന്നുപറഞ്ഞു നടപടികൾ സ്വീകരിക്കുന്നതും കാമറ ദൃശ്യങ്ങളിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
ഇത്തരത്തിലുള്ള വൃത്തിഹീനമായ സാഹചര്യം അടുക്കളയിൽ ഉണ്ടാകാനിടയില്ലെന്നു ജീവനക്കാർ പറഞ്ഞെങ്കിലും നഗരസഭ ജീവനക്കാർ കേൾക്കാൻ കൂട്ടാക്കിയില്ല. തുടർന്നാണു ബേക്കറിയുടമ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത്. ബേക്കറി ജീവനക്കാരെ ഒപ്പം കൂട്ടാതെയാണു നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി കടയുടെ അകത്തു കയറിയതെന്നും തുടർന്നു കള്ളത്തരം കാണിക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്.