ആലപ്പുഴ: വാദിയും പ്രതിയും മരിച്ചാൽ പോലീസിനെ സംബന്ധിച്ചിടത്തോളം കേസ് അവസാനിച്ചു. പക്ഷേ മരിച്ചവരുടെ കുടുംബങ്ങളെ സംബന്ധിച്ചടുത്തോളം സത്യമെന്തെന്ന് അറിയാനുള്ള അവകാശം നിഷേധിക്കാനാവില്ല. പാതിരപ്പള്ളി കിഴക്ക് കള്ളുഷാപ്പിലുണ്ടായ അടിപിടിയെത്തുടർന്ന് മർദനമേറ്റ് ചികിത്സയിലിരിക്കെ മരണമടഞ്ഞ ആര്യാട് കാട്ടുങ്കൽവെളി സുരേഷിന്റെ കുടുംബവും ആവശ്യപ്പെടുന്നത് ഇതാണ്.
മരണപ്പെട്ട ഒരു പ്രതിയുടെ പേരിൽ മാത്രം കുറ്റമൊതുങ്ങുന്പോഴും സംഭവത്തിന് പിന്നിൽ മറ്റാരൊക്കെയോയുണ്ടെന്ന നിലപാടിലാണ് സുരേഷിന്റെ കുടുംബം. കഴിഞ്ഞ 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വൈകുന്നേരം നാലോടെ വീട്ടിൽ നിന്നിറങ്ങിയ സുരേഷ് വൈകുന്നേരമായിട്ടും തിരിച്ചുവന്നില്ല. ഇതിനിടെ 6.30 ഓടെ സുരേഷ് അവശനായി ഷാപ്പിൽ കിടക്കുകയാണെന്ന വിവരം ഷാപ്പു ജീവനക്കാരിൽ ഒരാളായ ഷാജി ബന്ധുക്കളെ അറിയിച്ചു. 7.30 ഓടെ മറ്റൊരു ജീവനക്കാരാനായ ബിജുക്കുട്ടൻ വീട്ടിലെത്തി സുരേഷിനെ കൊണ്ടുപോകണമെന്ന് അറിയിച്ചു.
ബന്ധുവായ യുവാവ് ചെന്നപ്പോൾ സുരേഷിനെ നനഞ്ഞ ദേഹത്തോടെ ഓട്ടോറിക്ഷയിൽ കയറ്റിയിരുത്തിയിരിക്കുകയായിരുന്നു. അടിപിടിയുണ്ടായതായി ഷാപ്പ് ജീവനക്കാർ അറിയിച്ചില്ല. മദ്യപിച്ചതുകൊണ്ടാണ് അവശതയെന്നുകരുതി ബന്ധുക്കൾ സുരേഷിനെ വീട്ടിലേക്ക് കൊണ്ടുപോന്നു. പിറ്റേദിവസമാണ് ഷാപ്പിൽ അടിപിടിയുണ്ടായതായി അറിയുന്നത്. സുരേഷ് രക്തം ഛർദിച്ചപ്പോൾ അത് കഴുകിക്കളയാനാണ് ഷാപ്പ് ജീവനക്കാർ മോട്ടോർ പൈപ്പിൽ സുരേഷിന്റെ ദേഹത്ത് വെള്ളമൊഴിച്ചതെന്നും അറിയാൻ കഴിഞ്ഞു.
ഉടനെ ആശുപത്രിയിൽ എത്തിച്ച സുരേഷ് അഞ്ചുദിവസത്തോളം ഐസിയുവിൽ കിടന്നു. 23ന് സുരേഷ് മരണപ്പെട്ടു. ഇതിനിടെ പ്രതിയായി കണ്ടെത്തിയ ജോസ് ആത്മഹത്യ ചെയ്തു. ഷാപ്പിൽ കടലക്കറി കഴിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിൽ ജോസ് സുരേഷിനെ മർദിക്കുകയായിരുന്നുവെന്നാണ് ഷാപ്പു ജീവനക്കാർ അറിയിച്ചത്. എന്നാൽ സംഭവത്തിൽ ഷാപ്പ് ജീവനക്കാർക്കും പങ്കുണ്ടെന്നു തന്നെയാണ് ബന്ധുക്കളുടെ വാദം.
ശ്വാസകോശത്തിൽ വെള്ളം കയറിയത് ഗുരുതരാവസ്ഥയ്ക്ക് കാരണമായതായി ഡോക്ടർമാർ പറഞ്ഞുവെന്നും ബന്ധുക്കൾ അറിയിച്ചു. പ്രതി മരിച്ചതോടെ കേസ് അവസാനിപ്പിക്കാനാണ് പോലീസിന്റെ നീക്കം. എന്നാൽ സംഭവത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് സുരേഷിന്റെ മാതാപിതാക്കളും സഹോദരിയും ചേർന്ന് ജില്ലാ പോലീസ് മേധാവിക്കും ഐജിക്കും പരാതി നൽകിയിരിക്കുകയാണ്.