മണ്ണാർക്കാട്: പാലക്കാട്- കോഴിക്കോട് ദേശീയപാതയിലെ പ്രധാന പാലങ്ങളിൽ ഒന്നായ വട്ടന്പലം അരിയൂർ പാലത്തിന്റെ നിർമാണപ്രവൃത്തികൾ തുടങ്ങി. വർഷങ്ങളായുള്ള കാത്തിരിപ്പിനും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് ആധുനിക രീതിയിലുള്ള പാലം നിർമിക്കുന്നത്.
റോഡപകടങ്ങളും മരണങ്ങളും പതിവായ മേഖലയായിരുന്നു അരിയൂർ. നിരവധി ബസുകളും ലോറികളും കാറുകളുമാണ് ഇവിടെ അപകടത്തിൽപെട്ടിട്ടുള്ളത്. ഇതേ തുടർന്നുള്ള പരാതികൾ രൂക്ഷമായപ്പോഴാണ് ആധുനിക രീതിയിൽ പുതിയപാലം നിർമിക്കാൻ അധികൃതർ തയാറായത്.
പാലം വരുന്നതോടെ പ്രദേശത്തെ കയറ്റം നാല്പതുശതമാനത്തോളം കുറയ്ക്കാൻ കഴിയുമെന്നു അധികൃതർ പറയുന്നു. ദിനംപ്രതി നൂറുക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.
ഇവർക്കെല്ലാം ശക്തമായ കയറ്റം അപകടഭീഷണിയായി. കോഴിക്കോട് ആസ്ഥാനമായ ഉൗരാളുങ്കൽ ലേബർ സൊസൈറ്റിയാണ് ദേശീയപാത നിർമാണപ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. നിലവിൽ ഇപ്പോഴുള്ള പാലം നിലനിർത്തിയാണ് പുതിയ പാലം നിർമിക്കുന്നത്.
പുതിയ പാലം വരുന്നതോടെ പ്രദേശത്തെ അപകട സാധ്യത കുറയും. പാലം നിർമാണത്തിനുള്ള പ്രാരംഭനടപടിയുടെ ഭാഗമായി അപ്രോച്ച് റോഡിന്റെ നിർമാണം തുടങ്ങി.