സെന്റ് പീറ്റേഴ്സ്ബര്‍ഗ്: ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ ഹൈവോള്‍ട്ടേജ് പോരാട്ടത്തില്‍ ആഫ്രിക്കന്‍ കരുത്തന്മാരായ നൈജീരിയയെ 2-1നു കീഴടക്കി ലയണല്‍ മെസിയും സംഘവും ഗ്രൂപ്പ് ഡിയില്‍നിന്ന് രണ്ടാം സ്ഥാനത്തോടെ പ്രീക്വാര്‍ട്ടറില്‍. ഗ്രൂപ്പ് സി ചാമ്പ്യന്മാരായ ഫ്രാന്‍സ് ആണ് പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ എതിരാളികള്‍. ശനിയാഴ്ച രാത്രി 7.30നാണ് അര്‍ജന്റീന-ഫ്രാന്‍സ് പ്രീക്വാര്‍ട്ടര്‍ പോരാട്ടം. മെസിയും മാര്‍ക്കോസ് റോഹോയും അര്‍ജന്റീനയെ തോളിലേറ്റിയ ഗോളുകള്‍ സ്വന്തമാക്കി.
പ്രാര്‍ഥനയോടെയും അതിലേറെ നെഞ്ചിടിപ്പോടെയും അര്‍ജന്റൈന്‍ ആരാധകരും ഫുട്ബോള്‍ ലോകവും കാത്തിരുന്ന പോരാട്ടം… കിക്കോഫ് മുതല്‍ അവരുടെ കാത്തിരിപ്പ് അര്‍ജന്റീന ഗോള്‍ നേടുന്നതിനായി… മത്സരത്തിന്റെ 14-ാം മിനിറ്റ്, നൈജീരിയന്‍ ഡിഫന്‍ഡര്‍മാരുടെ മുകളിലൂടെ മെസിയെ ലക്ഷ്യമാക്കി ബെനേഗയുടെ പാസ്…
പന്ത് നിലംതൊടും മുമ്പ് ഇടതുകാല്ത്തുടയില് സ്വീകരിച്ച് ബൂട്ടിലേക്ക് ഉരുട്ടിയിറക്കി പന്ത് നിലംതൊടുമുമ്പ് മെരുക്കിയശേഷം ബോക്സിനുള്ളിലേക്ക് കടന്ന മെസിയുടെ വലങ്കാല്‍ ക്ലാസിക് ഷോട്ട്… നൈജീരിയന്‍ ഗോളിയെ കാഴ്ചക്കാരനാക്കി വലയുടെ ഇടത് മൂലയില്‍ പന്ത് തുള്ളിക്കളിച്ചപ്പോള്‍ ആരാധകര്‍ സീറ്റ് വിട്ടെണീറ്റ് അത്യാഹ്ലാദത്തോടെ വിളിച്ചു പറഞ്ഞു, സിങ്കം ഡാ, സിങ്കം തനിയേ വരുവേന്‍… 33-ാം മിനിറ്റില്‍ മെസിയുടെ ഫ്രീകിക്ക്. ബോക്സിന്റെ തൊട്ടു പുറത്ത് ഇടതുഭാഗത്തുനിന്ന് മെസി തൊടുത്ത ഫ്രീകിക്ക് വളഞ്ഞ് വലയിലേക്കെന്നു തോന്നിച്ചെങ്കിലും പോസ്റ്റിനെ പ്രകമ്പനംകൊള്ളിച്ച് മടങ്ങി.
പതിയിരുന്ന അപകടം മറനീക്കി. 51-ാം മിനിറ്റില്‍ ബോക്സിനുള്ളില്‍ നൈജീരിയന്‍ താരത്തെ പിടിച്ചുവച്ച മസ്കരാനോയ്ക്ക് റഫറി മഞ്ഞക്കാര്‍ഡ് നല്കി, ഒപ്പം പെനല്‍റ്റി സ്പോട്ടിലേക്ക് കൈചൂണ്ടുകയും ചെയ്തു. പെനല്‍റ്റി വിധിക്കാന്മാത്രമുള്ള കുറ്റം മസ്കരാനോ ചെയ്തില്ലെന്ന് ആരാധകര്‍ വിശ്വസിച്ചു.
അര്‍ജന്റീനയുടെ വല കുലുങ്ങി. തുടര്‍ന്ന് ശ്വാസം അടക്കിപ്പിടിച്ച്, ഹൃദയം പെരുമ്പറ മുഴക്കുന്ന നിമിഷങ്ങളിലൂടെ… 70-ാം മിനിറ്റില്‍ വില്‍ഫ്രഡ് എന്‍ഡിഡി ബോക്സിനു പുറത്തുനിന്ന് തൊടുത്ത മിസൈല്‍ ഷോട്ട് അര്‍ജന്റൈന്‍ ഗോള്‍ പോസ്റ്റിനു തൊട്ടുമുകളിലൂടെ പാഞ്ഞുപോയി. 74-ാം മിനിറ്റ്, അര്‍ജന്റൈന്‍ പ്രതിരോധം മുറിച്ച് നൈജീരിയയുടെ ഒഡിനോ ഒഗ്ഹാലോയെ ലക്ഷ്യമാക്കിയുള്ള ക്രോസ്, പന്ത് ബോക്സിനുള്ളിലേക്ക് താഴ്ന്നിറങ്ങി, മാര്‍ക്കോസ് റോഹോയ്ക്ക് ക്ലിയര്‍ ചെയ്യാന്‍ സാധിച്ചില്ല.
പടക്കംപൊട്ടുന്ന രീതിയില്‍ ഒഗ്ഹാലോയുടെ ഷോട്ട്, എല്ലാം തീര്‍ന്നെന്ന് ആരാധകര്‍ കരുതിയെങ്കിലും ഭാഗ്യം തുണച്ചു. പന്ത് പുറത്തേക്ക്. എന്നാല്‍, റോഹോയുടെ ഹാന്‍ഡ് ബോളിനായി നൈജീരിയക്കാര്‍ ആര്‍ത്തലച്ചു. വിഎആറിലൂടെ റഫറി അത് നിഷേധിച്ചു. ഗാലറിയില്‍ ഇരുന്ന് കളികാണുകയായിരുന്ന ഡിയേഗോ മാറഡോണ അടക്കം ആശ്വാസത്തോടെ ദീര്ഘനിശ്വാസംവിട്ട നിമിഷം. ജീവന് തിരിച്ചുകിട്ടിയ അര്‍ജന്റീന 80-ാം മിനിറ്റില്‍ സുവര്‍ണാവസരം പാഴാക്കി.
ക്ലോസ് റേഞ്ചില്‍ ഗോളി മാത്രം മുന്നില്‍നില്‍ക്കേ ലഭിച്ച പന്ത് ഹിഗ്വിന് അടിച്ചുവിട്ടത് ഗാലറിയിലേക്ക്… മെസിയുടെയും സഹതാരങ്ങളുടെയും തലനിരാശയില് താഴ്ന്നപ്പോള്‍ ആരാധകര്‍ തലയില്‍ കൈവച്ചു! വീണ്ടും പിരിമുറുക്കത്തിന്റെ നിമിഷങ്ങള്‍… 84-ാം മിനിറ്റില്‍ നൈജീരിയയുടെ ഡയറക്ട് ഫ്രീകിക്ക്. എറ്റെബോയുടെ കിക്ക് വലയുടെ വലത് കോണിനുതൊട്ട് പുറത്തുകൂടെ പാഞ്ഞപ്പോള്‍ അര്‍ജന്റൈന്‍ ക്യാമ്പില്‍ വീണ്ടും ആശ്വാസത്തിന്റെ പൊന്‍കിരണം… 86-ാം മിനിറ്റില്‍ ഗബ്രിയേല്‍ മെര്‍കാഡോയുടെ ക്രോസ്. വലത് വിംഗില്‍നിന്ന് മെര്‍കാഡോ ബോക്സിനുള്ളിലേക്ക് ഉയര്‍ത്തിവിട്ട പന്ത് നിലംതൊടും മുമ്പ് റോഹോ ഷോട്ട് ഉതിര്‍ത്തു.
റോഹോയുടെ വലങ്കാല്‍ ഷോട്ട് പിഴച്ചില്ല. പന്ത് വലയുടെ വലത് കോണില്‍ നൃത്തമാടി. ആഹ്ലാദത്തിന്റെ പരകോടിയിലെത്തിയ മെസി റോഹോയുടെ തോളിലേക്ക് ചാടിക്കയറി… മെസിയെ തോളിലേറ്റി സൈഡ് ഫ്ളാഗിനടുത്തേക്കെത്തിയ റോഹോയെ സഹതാരങ്ങള്‍ പൊതിഞ്ഞു, ഗാലറിയില്‍നിന്ന് മാറഡോണയുടെ ആഹ്ലാദ പ്രകടനം… അതെ, ചാരത്തില്നിന്നുയര്ന്ന് അര്‍ജന്റീന പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയിരിക്കുന്നു. ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടിലെ അവസാന മത്സരം ജയിച്ച് ലോകകപ്പിന് അവസാന നിമിഷം യോഗ്യത സ്വന്തമാക്കിയ അര്‍ജന്റീന ലോകകപ്പ് ഗ്രൂപ്പ് ബിയിലെ ജീവന്മരണ പോരാട്ടത്തിലെ ജയത്തിലൂടെ നോക്കൗട്ടിലേക്ക്…
മെസിക്കൊരു മഞ്ഞ!
86-ാം മിനിറ്റില്‍ ലീഡ് നേടിയതോടെ മത്സരം വൈകിപ്പിക്കലായിരുന്നു അര്‍ജന്റീനയുടെ തന്ത്രം. പന്ത് കിട്ടിയപ്പോഴൊക്കെ ഒന്നെങ്കില്‍ അടിച്ചകറ്റുകയോ പിടിച്ചുവയ്ക്കുകയോ ആയിരുന്നു ലാറ്റിനമേരിക്കക്കാരുടെ തന്ത്രം. അഞ്ച് മിനിറ്റ് ഇഞ്ചുറി ടൈമായി റഫറി അനുവദിച്ചു. ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ മെസിക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു. മനഃപൂര്‍വം സമയം നഷ്ടപ്പെടുത്തിയതിനായിരുന്നു മഞ്ഞക്കാര്‍ഡ്.
താരം മെസി
കളം നിറഞ്ഞു കളിച്ച ലയണല്‍ മെസിയാണ് ഫിഫ മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം നേടിയത്. ഒരു ഗോള്‍ അടിക്കുകയും ഉജ്വല ഫ്രീകിക്ക് അടക്കം മിഴിവാര്‍ന്ന പ്രകടനം പുറത്തെടുക്കുകയും ചെയ്തു.
ഇതാണ് പന്ത് റാഞ്ചല്‍!
നൈജീരിയയ്ക്കെതിരേ അര്‍ജന്റീന കളിച്ച കളി ഇതുവരെ ഈ ലോകകപ്പില്‍ ആരും പുറത്തെടുത്തിട്ടില്ല. എതിരാളിയുടെ കാലില്‍നിന്ന് പന്ത് റാഞ്ചുന്നതിന്റെ മനോഹാരിതയായിരുന്നു കളിയിലുടനീളം കണ്ടത്. കംപ്യൂട്ടര്‍ ഗെയിമുകളിലെ മെയ് വഴക്കത്തോടെ വീണുകിടന്ന് എതിരാളിയുടെ കാലില്‍നിന്ന് പന്ത് റാഞ്ചുന്ന അര്‍ജന്റൈന്‍ കളിക്കാരെയാണ് സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ കണ്ടത്.
ഗോൾ വഴി
ഗോള്‍1: ലയണല്‍ മെസി (അര്‍ജന്റീന), 14-ാം മിനിറ്റ്. എവര്‍ ബെനേഗയുടെ പാസ്, പന്ത് നിലംതൊടും മുമ്പ് ഇടതുകാല്ത്തുടയില് സ്വീകരിച്ച് ബുട്ടിലേക്ക് ഉരുട്ടിയിറക്കി പന്ത് നിലംതൊടുംമുമ്പ് ബോക്സിനുള്ളിലെത്തിയ മെസിയുടെ ഷോട്ട് വലയുടെ ഇടത് മേല്‍ക്കോണില്‍.
ഗോള്‍2: വിക്ടര്‍ മോസസ് (നൈജീരിയ), 51-ാം മിനിറ്റ്. മസ്കരാനോയുടെ ഫൗളിനെത്തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി മോസസ് ഗോളാക്കി.
ഗോള്‍ 3: മാര്‍കോസ് റോഹോ (അര്‍ജന്റീന), 86-ാം മിനിറ്റ്. വലത് വിംഗില്‍നിന്ന് ഗബ്രിയേല്‍ മെര്‍കാഡോയുടെ ക്രോസ് ബോക്സിനുള്ളില്‍. പന്ത് നിലംതൊടും മുമ്പ് ബോക്സിന്റെ മധ്യത്തില്‍നിന്ന് റോഹോയുടെ ഷോട്ട് വലയുടെ വലത് മൂലയില്‍.