സാവോ പോളോ: കോപ്പ അമേരിക്ക ഫുട്ബോളില്‍ ആരാധകര്‍ കാത്തിരുന്ന സ്വപ്ന പോരാട്ടത്തിന് അരങ്ങൊരുങ്ങി. വെനസ്വേലയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് അര്‍ജന്റീന സെമിയിലെത്തി. ഇതോടെ സെമിയിൽ ബ്രസീൽ-അർജന്റീന നേർക്കുനേർ പോരാടും. ഇന്ത്യന്‍ സമയം ബുധനാഴ്ച രാവിലെ ആറിനാണ് സെമി പോരാട്ടം. കഴിഞ്ഞ ദിവസം പരാഗ്വയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് ബ്രസീൽ സെമിയിലെത്തിയത്.
വെനസ്വേലയ്ക്കെതിരെ തുടക്കം മുതല്‍ ആക്രമണ ഫുട്ബോളാണ് അർജന്റീന പുറത്തെടുത്തത്. പത്താം മിനിറ്റിൽ ലൗട്ടാറൊ മാര്‍ട്ടിനെസിലൂടെ അർജന്റീന ലീഡെടുത്തു. സൂപ്പർ താരം ലയണല്‍ മെസിയെടുത്ത കോര്‍ണര്‍ കിക്കില്‍ സെര്‍ജിയോ അഗ്യൂറോയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോൾ പിറന്നത്. പിൻകാലടി ഷോട്ടിലൂടെ മാര്‍ട്ടിനെസ് പന്ത് വലയിലെത്തിച്ചു.
രണ്ടാം പകുതിയിൽ അർജന്റീന വീണ്ടും വലചലിപ്പിച്ചു. 74-ാം മിനിറ്റില്‍ ജിയോവാനി ലോ സെല്‍സോയാണ് ഗോൾ നേടിയത്. വെനസ്വേലൻ പ്രതിരോധത്തിന്റെയും ഗോൾകീപ്പറുടെയും പിഴവ് മുതലെടുത്തായിരുന്നു ഗോൾ. ബോക്സിന് പുറത്ത് നിന്ന് അഗ്യൂറോ അടിച്ച ഷോട്ട് ഗോളി തടുത്തിട്ടു. ഓടിക്കയറിയ സെല്‍സോ പന്ത് വലയിലേക്ക് കോരിയിട്ടു.