സ്വപ്നതുല്യമീ വിജയം; വാമോസ് അർജന്‍റീന…

മോസ്കോ: അലറിവിളിച്ച കോടിക്കണക്കിന് ആരാധകർക്ക് ഇതിലും വലുതെന്തു നൽകണം മെസിയും കൂട്ടരും. സെന്‍റ് പീറ്റേഴ്സ്ബർഗിൽ ചാമ്പലായിടത്തു നിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ ഉയരെപ്പറക്കുകയായിരുന്നു ആ കുറിയ മനുഷ്യനും കൂട്ടരും. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് നൈജീരിയയെ ആട്ടിപ്പായിച്ച് ആദ്യ പതിനാറിലേക്ക് ഇരമ്പിയാർത്തു അർജന്‍റീന.

വിജയത്തിനപ്പുറത്ത് എന്തുതന്നെയായാലും അത് നാണംകെട്ട മടക്കടിക്കറ്റാകുമെന്നുറപ്പിച്ചാണ് മെസിയും കൂട്ടരും കളത്തിലിറങ്ങിയത്. കളിയുടെ ആദ്യ നിമിഷങ്ങളിൽ ആരാധകർക്ക് പ്രതീക്ഷയേറ്റി അർജന്‍റീന താരങ്ങൾ ആക്രമിച്ചു കളിച്ചു. കളത്തിൽ ആധിപത്യമേറെയും അവർ‌ക്കുതന്നെയായിരുന്നു. എന്നാൽ നൈജീരിയയും ഒപ്പമെത്താൻ കളം നിറഞ്ഞ് കളിച്ചതോടെ മത്സരം മുറുകി.

ഒടുവിൽ റഷ്യൻ ലോകകപ്പിനെ ത്രസിപ്പിച്ച് ഫുട്ബോൾ ആരാധകർ കാത്തിരുന്ന ഗോളെത്തി. മത്സരത്തിന്‍റെ 14-ാം മിനിറ്റിൽ ബനേഗ മൈതാന മധ്യത്തു നിന്ന് നൽകിയ മുഴുനീളൻ പാസ് നൈജീരിയൻ പ്രതിരോധത്തെ കാഴ്ചക്കാരാക്കി മിന്നൽപ്പിണർ വേഗത്തിൽ സാക്ഷാൽ മെസി ഗോളാക്കി മാറ്റുമ്പോൾ സ്റ്റേഡിയത്തിൽ ആഹ്ലാദം അണപൊട്ടിയൊഴുകി.

ഈ ലോകകപ്പിലെ നൂറാമത്തെ ഗോളായിരുന്നു മെസിയുടെ ബൂട്ടിൽ നിന്ന് പിറന്നത്. മത്സരത്തിന്‍റെ 32-ാം മിനിറ്റിൽ നൈജീരിയൻ ഗോൾ മുഖത്തെ വിറപ്പിച്ച് മെസിയുടെ ഷോട്ട് വീണ്ടുമെത്തി. ഡി മരിയയെ വീഴ്ത്തിയതിനു ലഭിച്ച ഫ്രീകിക്ക് മെസിയുടെ കാലിൽ നിന്നുപറന്നു ചെന്നിടിച്ചത് പോസ്റ്റിലായില്ലായിരുന്നുവെങ്കിൽ അർജന്‍റൈൻ വിജയത്തിന്‍റെ കണക്കിൽ ഒരു ഗോൾകൂടി ചേർക്കപ്പെട്ടേനെ.

ആദ്യ ഗോൾ വീണതിനു ശേഷം നൈജീരിയ പ്രതിരോധം ശക്തമാക്കി. മെസിയെ അനങ്ങാൻ അനുവദിക്കാത്ത വിധം അവർ പ്രതിരോധം മുറുക്കി. മെസിയുടെ കാലിൽ പന്തെത്തിയപ്പോഴെല്ലാം മൂന്നോ നാലോ നൈജീരിയൻ താരങ്ങളായിരുന്നു അദ്ദേഹത്തെ വളഞ്ഞിരുന്നത്. അത് ഒരു പരിധിവരെ വിജയത്തിലെത്തിക്കാനും അവർക്കായി. കൂടുതൽ പരിക്കില്ലാതെ നൈജീരിയ ഒന്നാം പകുതി അവസാനിപ്പിച്ചു.

തിരിച്ചടിക്കാൻ ഉറപ്പിച്ച് തിരിച്ചെത്തിയ നൈജീരിയ പ്രതിരോധത്തിനൊപ്പം ആക്രമണവും ശക്തമാക്കി. അളന്നുകുറിച്ചുള്ള പാസുകളും അതിവേഗ മുന്നേറ്റങ്ങളും പലവട്ടം അർജന്‍റൈൻ ഗോൾമുഖത്ത് ഭീഷണി ഉയർത്തി. ഒടുവിൽ നൈജീരിയൻ താരത്തെ ബോക്സിനുള്ളിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി 51-ാം മിനിറ്റിൽ വിക്ടർ മോസസ് അനായാസം അർജന്‍റൈൻ ഗോൾവര കടത്തി.

ഈ ഗോൾ അവർക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് അവരുടെ ആഹ്ലാദ പ്രകടനങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. സമനിലയെങ്കിൽ പുറത്തേക്കാണെന്നുറപ്പിച്ച അർജന്‍റൈൻ നിരയിലെ ഓരോ താരങ്ങളുടെ മുഖത്തും പരാജയഭീതി തളംകെട്ടിയ നിമിഷമായിരുന്നു അത്. ഈ പെനാൽറ്റി അനാവശ്യമാണെന്ന അർജന്‍റീന താരങ്ങളുടെ വാദത്തെത്തുടർന്ന് റഫറി വാർ സംവിധാനത്തിന്‍റെ സഹായം തേടിയെങ്കിലും തീരുമാനം മാറിയില്ല.

നൈജീരിയൻ തിരിച്ചടിയേറ്റ മെസിയും കൂട്ടരും പിന്നീട് പിഴവുകളേറെ വരുത്തി. ഈ പിഴവുകൾ മുതലെടുത്ത നൈജീരിയൻ താരങ്ങൾ അർജന്‍റൈൻ ഗോളിയുടെ കഴിവിനെ പലവട്ടം പരീക്ഷിച്ചു. ആദ്യപകുതിയിൽ ഗോളെന്നുറച്ച നിരവധി മുന്നേറ്റങ്ങൾ നടത്തിയ അർജന്‍റീനയ്ക്ക് രണ്ടാം പകുതി ആരംഭിച്ച് 70-ാം മിനിറ്റുവരെ അത്തരത്തിലൊരു ഷോട്ട് പോലും ഉതിർക്കാനായില്ല.

ഇതിനിടെ നൈജീരിയ പെനാൽറ്റിക്ക് വാദിച്ചെങ്കിലും വാറിലൂടെ റഫറി അത് നിഷേധിച്ചു. മത്സരം ആവേശകരമായിത്തുടർന്നു, പക്ഷേ ഗോൾ മാത്രം അകന്ന് നിന്നു. ഇതിനിടെയെല്ലാം മെസിയുടെ കാലുകളിൽ പന്തെത്തുമ്പോഴൊക്കെ മൂന്നോ നാലോ നൈജീരിയൻ താരങ്ങൾ അദ്ദേഹത്തെ വളഞ്ഞു. ഗോൾമുഖത്തേക്ക് ഷോട്ടുതിർക്കാനോ, ചിലസമയങ്ങളിൽ കൃത്യമായി പാസ് നൽകാനോ പോലും സൂപ്പർതാരത്തിനായില്ല.

ഒടുവിൽ ഈ ലോകകപ്പ് കണ്ട ഏറ്റവും സുന്ദരമായ കാഴ്ചകളിലൊന്ന് പിറന്നു. സമനിലയെന്ന ഗേറ്റ്പാസ് മെസിക്കും കൂട്ടർക്കും പുറത്തേക്ക് വഴിതുറന്നിട്ട നിമിഷത്തിൽ മാർക്കോസ് റോജോ അവരുടെ രക്ഷകനായി അവതരിച്ചു. മത്സരത്തിന്‍റെ 86-ാം മിനിറ്റിൽ പ്രതിരോധതാരം ഗബ്രിയേൽ മർക്കാദോയുടെ മിന്നും ക്രോസ് നൈജീരിയൻ ഗോൾ മുഖത്ത് ആരാലും മാർക്ക് ചെയ്യപ്പെടാതെ നിന്ന റോജോ ഗോളാക്കി മാറ്റിയപ്പോൾ മെസിയടക്കമുള്ള താരങ്ങളും ലക്ഷകണക്കിന് വരുന്ന അർജന്‍റൈൻ ആരാധകരും ആനന്ദനൃത്തം ചവിട്ടി.

പരിഹാസമേറെകേട്ട അർജന്‍റീന…ചെറുപിഴവുകൾക്ക് പോലും പഴിയേറെകേട്ട അർജന്‍റീന…ലയണൽ മെസിയെന്ന ആ കുഞ്ഞു മനുഷ്യനെയും കൂട്ടരെയും ചുമലിലേറ്റി ആദ്യ പതിനാറിന്‍റെ ചുരുക്കപ്പട്ടികയിലേക്ക് പറന്നിറങ്ങി..സ്റ്റേഡിയവും മൈതാനവും ഡ്രസിംഗ് റൂമും ഒരുപോലെ ആർത്തിരമ്പിയ നിമിഷമായിരുന്നു അത്.ശനിയാഴ്ച നടക്കുന്ന പ്രീ ക്വാർട്ടറിൽ ഗ്രൂപ്പ് സിയിലെ ചാമ്പ്യന്മാരായ ഫ്രാൻസാണ് അർജന്‍റീനയുടെ എതിരാളികൾ.

Related posts