ലോകത്തെ ഏറ്റവും വലിയ കായിക മേളകളിൽ ഒന്നായ ലോകകപ്പ് ഫുട്ബോൾ ആഘോഷങ്ങൾക്കായി ലോകം തയാറായിക്കഴിഞ്ഞു. കളിക്കാരെല്ലാം റഷ്യയിലെത്തിത്തുടങ്ങി, ആരാധകർ ബാഗുകൾ പായ്ക്ക് ചെയ്തുകഴിഞ്ഞു. എല്ലാവരും ഏറ്റവും മഹത്തരമായ ടൂർണമെന്റ് കാണുന്നതിനായി ഒരുങ്ങിക്കഴിഞ്ഞു. ആവേശകരവും ഒപ്പം സംഭവബഹുലവുമായി മത്സരങ്ങളുടെ ഒരു നിമിഷംപോലും നഷ്ടപ്പെടുത്താൻ ആർക്കും താത്പര്യമില്ല.
ലോകകപ്പിന് അർജന്റീന യോഗ്യത നേടിയപ്പോൾമുതൽ ആരാധകർ പറഞ്ഞുതുടങ്ങി, ഈ ടീം ലോകകപ്പ് നേടും… ഇപ്പോഴല്ലെങ്കിൽ ഒരിക്കലുമില്ല… 2014 ലോകകപ്പിൽ ഫൈനലിലെത്തിയെങ്കിലും ജർമനിയോടു തോറ്റു.
ഹൊർഹെ സാംപോളിയുടെ പരിശീലന മികവും ലയണൽ മെസിയുടെ നേതൃ ഗുണവുമെല്ലാം ചേർന്നപ്പോൾ അർജന്റീന യോഗ്യത നേടി. കഴിഞ്ഞ പ്രാവശ്യത്തെ കിരീട നഷ്ടം ഈ ലോകകപ്പിൽ തീർക്കാനാകും മെസിയും സംഘവും ലക്ഷ്യമിടുന്നത്.
രണ്ട് തവണ ലോകകിരീടം ഉയർത്തിയ അർജന്റീന റഷ്യയിൽ ചരിത്രമാവർത്തിക്കുമെന്നാണ് ഏവരുടെയും പ്രതീക്ഷ. റൊസാരിയോയിലെ തെരുവിൽ പന്തുതട്ടാനാരംഭിച്ച് ലോകത്തിന്റെ നെറുകയിലെത്തിനിൽക്കുന്ന ലയണൽ മെസി കപ്പുമായി നാട്ടിൽപറന്നിറങ്ങുന്നതാണ് ഓരോ അർജന്റൈൻ ആരാധകന്റെയും സ്വപ്നം. അർജന്റീന റഷ്യയിൽ കിരീടം ഉയർത്തുമോ? അതിനുള്ള കാരണങ്ങൾ എന്തെല്ലാം?
ആക്രമണ മികവ്
രാജ്യത്തിന്റെ കീർത്തിയും യശസും ഉയർത്താൻ തയാറെടുത്തുകൊണ്ടു ലോകകപ്പിനു വരുന്ന കളിക്കാർ എല്ലാ ലോകകപ്പിനുമുണ്ടാകും. ജർമനി, ഇംഗ്ലണ്ട്, സ്പെയിൻ, ബ്രസീൽ, ഫ്രാൻസ്, ബെൽജിയം എന്നീ ടീമുകളിൽ ഫുട്ബോളിന്റെ എല്ലാ മേഖലകളിലും ഇറക്കാൻ കഴിവുള്ള കളിക്കാരാൽ സന്പന്നമാണ്.
എന്നാൽ, ഏറ്റവും മികച്ച ആക്രമണനിരയേതെന്ന് വിലയിരുത്തിയാൽ ആദ്യമെത്തുക അർജന്റൈൻ മുന്നേറ്റനിരതന്നെയാണ്. നിലവിൽ ലോകത്തെ മികച്ച ആക്രമണനിരയാണ് അർജന്റീനയ്ക്കുള്ളത്. ലയണൽ മെസി, എയ്ഞ്ചൽ ഡി മരിയ, സെർജിയോ അഗ്വേറോ, ഗോണ്സാലോ ഹിഗ്വെയ്ൻ, പൗളോ ഡൈബാല എന്നിവരാൽ സന്പന്നമാണ് അർജന്റീനയുടെ മുന്നേറ്റം. ഈ കളിക്കാരെല്ലാം അവരുടെ ക്ലബ്ബുകൾക്കൊപ്പം മികച്ചൊരു സീസണ് പൂർത്തിയാക്കിയശേഷമാണെത്തുന്നത്.
മെസി 44 ഗോൾ, മാഞ്ചസ്റ്റർ സിറ്റിക്കുവേണ്ടി അഗ്വേറോ 30 ഗോൾ, ഹിഗ്വെയ്ൻ 23 ഗോൾ, ഡൈബല 24 ഗോൾ, ഡി മരിയ 19 ഗോൾ എന്നിങ്ങനെയായിരുന്നു സീസണിൽ ക്ലബ്ബുകളിലെ പ്രകടനം.
ഇവർക്കൊപ്പം എവർ ബെനേഗയും എത്തുന്നതോടെ അർജന്റീനയ്ക്ക് ശൗര്യമേറും. കളിമെനയുന്നതിൽ മിടുക്കനാണ് ബെനേഗ. സെവിയ്യയുടെ മധ്യനിരയിൽ കളി മെനയുന്ന എവർ ബെനേഗയുടെ പ്രകടനം ഓരോ സീസണിലും മികച്ചതാണ്. 2015, 2016 വർഷങ്ങളിൽ സെവിയ്യയെ യൂറോപ്പ ലീഗ് ചാന്പ്യന്മാരാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. പാസിംഗിലുള്ള മികവാണ് ബെനേഗയെ വ്യത്യസ്തനാക്കുന്നത്. ശരാശരി 87.3 ശതമാനം പാസ് ബെനേഗ പൂർത്തിയാക്കുന്നുണ്ട്.
ലയണൽ മെസിയുടെ സ്വാധീനം
ലോകത്തെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാൾ ടീമിലുള്ളപ്പോൾ ആ രാജ്യത്തിനു വലിപ്പമോ കരുത്തോ നോക്കാതെ തന്നെ ലോകകപ്പ് സ്വപ്നങ്ങൾ കാണാനാകും. ആ ടീമിൽ സൂപ്പർതാരങ്ങൾ ധാരാളമുണ്ടെങ്കിൽ സ്വപ്നം കാണുന്നതിൽ ഒരു തടസവുമില്ല. ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായ മെസി അർജന്റീനയ്ക്കുണ്ട്. നിർവചനം കൊണ്ട് പ്രതിഭയെന്നും വർണനകൊണ്ട് മാന്ത്രികനെന്നും വിശേഷിപ്പിക്കാവുന്ന താരമാണ് മെസി.
2014ൽ കിരീടത്തിന് അരികിലെത്തിയെങ്കിലും ഫൈനലിൽ ജർമനിയോടു നേരിയ വ്യത്യാസത്തിൽ തോറ്റു. എന്നാൽ, ഇത്തവണ മെസി കൂടുതൽ കരുത്തനായാണ് എത്തുന്നത്.
ബാഴ്സലോണയുടെ രണ്ടു കിരീടനേട്ടങ്ങൾക്കും മെസിയുടെ സംഭവന വലുതായിരുന്നു. ലാ ലിഗയിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോളും മെസിയുടെ പേരിലാണ്.
പ്രകടനത്തിലെ സ്ഥിരത
ഓരോ ലോകകപ്പിലും സ്ഥിരതപുലർത്താത്ത രാജ്യം കിരീടം നേടുന്നത് അപൂർവം. സ്ഥിരതയാണ് ലോകത്തെ മികച്ച ഫുട്ബോൾ രാജ്യങ്ങൾക്ക് എല്ലായ്പ്പോഴും മേൽക്കൈ നൽകുന്നത്. ഈ ലോകകപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങളിൽ സ്ഥിരതയുള്ള ടീമുകളിൽ ഒന്നാണ് അർജന്റീന. ലോകകപ്പിലെ കഴിഞ്ഞ പതിപ്പുകളിൽ സ്ഥിരത പുലർത്തി. 2014ൽ ഫൈനലിലെത്തുംമുന്പ് 2002, 2006, 2010 ലോകകപ്പുകളി നോക്കൗട്ടിലെത്തി. കഴിഞ്ഞ തവണ ചാന്പ്യന്മാരായ ജർമനിയും ഇത്തരം ഒരു പ്രകടനത്തിനുശേഷമാണ് കിരീടം നേടിയത്. 2002ൽ ഫൈനൽ, 2006, 2010 നോക്കൗട്ടിലെത്തി, അതിനുശേഷം 2014ൽ കിരീടം. ഇത്തരത്തിൽ പരിചയവും അസാമാന്യമായ സ്ഥിരതയുമാണ് അർജന്റീന കിരീടം നേടുമെന്ന് പ്രവചിക്കാനുള്ള ഒരു കാര്യം.
പരിചയസന്പന്നർ
ടീമിലെ പ്രധാന കളിക്കാരെല്ലാവരും ദേശീയകുപ്പായത്തിൽ പരിചയസന്പന്നർ. ടീമിലെ മൂന്നുപേർ രാജ്യത്തിനുവേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഇറങ്ങിയവരിൽ ആദ്യ പത്തിൽപ്പെടുന്നവർ.
നറുക്കെടുപ്പിന്റെ ആനുകൂല്യം
ഗ്രൂപ്പ് ഡി ചാന്പ്യന്മാരായി അർജന്റീന പ്രീക്വാർട്ടറിൽ കടന്നാൽ സി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരാകും എതിരാളികൾ. പെറുവോ ഡെൻമാർക്കോ ആയിരിക്കാം അവിടെ അർജന്റീനയെ കാത്തിരിക്കുന്നത്. ക്വാർട്ടറിൽ സ്പെയിനോ പോർച്ചുഗലോ ആയിരിക്കാം അർജന്റീനയെ നേരിടുക. ക്വാർട്ടർ കടന്നുകഴിഞ്ഞാൽ 2014 ചാന്പ്യന്മാരായ ജർമനിയെയായിരിക്കും നേരിടേണ്ടത്. അതിനാൽ അർജന്റീനയുടെ മുന്നോട്ടുള്ള വഴി പരീക്ഷണം നിറഞ്ഞതാകും.
ഫേവറിറ്റുകൾ അല്ലാത്തതിന്റെ ആശ്വാസം
ലോകകപ്പ് കിക്കോഫിനോടടുത്തപ്പോഴാണ് അർജന്റീനയെ എല്ലാവരും ഫോവറിറ്റുകളാക്കിയത്. അതിനുമുന്പ് റഷ്യയിലേക്കുള്ള അർജന്റീനയുടെ യാത്ര കഠിനമായിരുന്നു. യോഗ്യത ഘട്ടങ്ങളിൽ പ്രകടനം നിരാശജനകവും നാണംകെടുന്നതരത്തിലുള്ളതുമുണ്ടായിരുന്നു. യോഗ്യത നേടുകയില്ലെന്നുവരെ കരുതി. എന്നാൽ, അവസാന ഘട്ടത്തിലെ അവസാന മത്സരത്തിൽ മെസിയുടെ ഹാട്രിക് മികവിൽ ഇക്വഡോറിനെ തകർത്ത് അർജന്റീന റഷ്യക്ക് ടിക്കറ്റെടുക്കുകയായിരുന്നു.
യോഗ്യത ഘട്ടത്തിലും അതിനുശേഷവുമുള്ള പ്രകടനം മോശമായതോടെ ഈ ടീം ലോകകപ്പ് നേടില്ലെന്നു വരെ പലരും വിധിയെഴുതി. ഇതുകൊണ്ടു തന്നെ ഈ ടീമിനു കിരീടം നേടുമെന്ന സമ്മർദമില്ലാതായെന്നു പറയാം. എന്നാൽ, ഗ്രെയ്സ്നോട്ട് എന്ന കന്പനിയുടെ വിലയിരുത്തലിൽ കപ്പടിക്കുന്നവരിൽ അർജന്റീനയുടെ സ്ഥാനം നാലാമതാണ്.
കോപ്പ അമേരിക്കയിലെ തോൽവി
ലോകകപ്പ് ഫൈനൽ തോൽവിക്കുശേഷം അർജന്റീന രണ്ടു ടൂർണമെന്റിലിറങ്ങി, ചിലിയിൽ നടന്ന കോപ്പ അമേരിക്ക, യുഎസ്എയിൽ നടന്ന കോപ്പ അമേരിക്ക സെന്റിനാരിയോ. രണ്ടു ടൂർണമെന്റിലും ഫൈനലിലെത്തിയെങ്കിലും രണ്ടിലും ചിലിയോടു തോൽക്കാനായിരുന്നു വിധി. മൂന്നു ഫൈനൽ തോൽവികൾ വരുത്തിയ വേദനയിൽ നിന്നു കടക്കാൻ ഇത്തവണ കിരീടം നേടിയേ തീരു.
വിജയത്തുടർച്ച
അർജന്റീന ടീമിലെ പലരും ക്ലബ് തലത്തിൽ തങ്ങളുടെ ടീമുകൾക്കൊപ്പം കിരീടം നേടിയാണെത്തുന്നത്. ടീമിലെ ഏഴു പേർ ലീഗ് ചാന്പ്യന്മാരായ ബാഴ്സലോണ, മാഞ്ചസറ്റർ സിറ്റി, യുവന്റസ്, പിഎസ്ജി ടീമുകൾക്കൊപ്പമുള്ളവരാണ്. എയ്ഞ്ചൽ കൊറേയ അത്ലറ്റിക്കോ മാഡ്രിഡിനൊപ്പം യൂറോപ്പ ലീഗ് ചാന്പ്യന്മാരായി. ഈ വിജയങ്ങൾ നൽകിയ അവസ്ഥ ടീമിന്റെ ക്യാംപിൽ തന്നെ പ്രകടമാകും. അന്താരാഷ്ട്രതലത്തിലേക്കും ഇത് പ്രവഹിച്ചാൽ കിരീടം നേടുമെന്ന് ഉറപ്പ്.
സമ്മർദത്തിൽ കളിച്ചുള്ള പരിചയം
കഴിഞ്ഞ മൂന്നു വർഷം മൂന്നു ഫൈനലുകൾ. അതുകൊണ്ട് അർജന്റീനയുടെ കളിക്കാർ വലിയ സമ്മർദത്തിൽ കളിച്ചു പരിചയമുള്ളവരാണെന്നു നിസംശയം പറയാം. യോഗ്യത റൗണ്ടിലെ പ്രകടനവും മോശമായിരുന്നു. യോഗ്യത നേടാതെ പുറത്താകുമെന്ന ഘട്ടത്തിൽ അവസാന മത്സരത്തിൽ ഇക്വഡോറിനെ തോൽപ്പിച്ച് സമ്മർദം അതിജീവിച്ചാണ് യോഗ്യത നേടിയതും.
ഹൊർഹേ സാംപോളിയുടെ സാന്നിധ്യം
കഴിഞ്ഞ ലോകകപ്പിനുശേഷമുള്ള അർജന്റീനയുടെ പ്രകടനം മോശമായിരുന്നു. ഇതേത്തുടർന്ന് ടീമിന്റെ ഉത്കണ്ഠയും കുഴപ്പങ്ങളും തിരിച്ചറിഞ്ഞ അർജന്റീന ഫുട്ബോൾ ഫെഡറേഷൻ മുൻ ചിലി പരിശീലകനായ സാംപോളിയെ പരിശീലകനായി അവതരിപ്പിച്ചു. തകർച്ചയിൽനിന്നു തകർച്ചയിലേക്കു പോകുകയായിരുന്ന ടീം സാംപോളിയുടെ കഠിനാധ്വാനത്താൽ കരകയറ്റി.
കളിക്കാരുമായി നല്ലൊരു ബന്ധം ഉണ്ടാക്കിയെടുക്കാൻ ഇദ്ദേഹത്തിനായി. ഇതിനിടെയും തിരിച്ചടിയേറ്റു. ലോകകപ്പിനു യോഗ്യത നേടാനാവാതെ പുറത്താകുമോയെന്നു വരെ സംശയമുണ്ടായി. യോഗ്യത ഘട്ടത്തെ അവസാ ന മത്സരം ജയിച്ച് സാംപോളി അർജന്റീനയെ റഷ്യയിലെത്തിച്ചു.
ലോകത്തെ മികച്ച പരിശീലകരിൽ ഒരാളാണ് സാംപോളിയെന്നതിന് അദ്ദേഹത്തിന്റെ മികവിൽ നേടിയ ട്രോഫികൾ തന്നെ ഉദാഹരണം. 2015ൽ ചിലിയെ കോപ്പ അമേരിക്ക ചാന്പ്യന്മാരാക്കി. ചിലിയുടെ ആക്രമണ മികവിനെ വളർത്തിയെടുത്ത അദ്ദേഹത്തിന് അർജന്റീനയെ ലോക ചാന്പ്യന്മാരാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വേഗത്തിലുള്ള ആക്രമണം, പാസിംഗിലെ വേഗത, ചടുലതയിലുള്ള കളി എന്നിവയെല്ലാം അദ്ദേഹത്തിന്റെ തന്ത്രത്തിലെ പ്രത്യേകതകളാണ്.