കോൽക്കത്ത: ട്രെയിനീ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സഞ്ജയ് റോയി കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെ പ്രതികരണവുമായി പ്രതിയുടെ അമ്മയും സഹോദരിയും.
“എനിക്കും മൂന്ന് പെൺകുട്ടികളുണ്ട്. ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളുടെ വേദന എന്ത്മാത്രമാണെന്ന് മനസിലാകും. ഒരു പെൺകുട്ടിയെ നിഷ്കരുണം കൊലപ്പെടുത്തിയ മകന് അർഹിക്കുന്ന പരമാവധി ശിക്ഷ തന്നെ നൽകണം. തൂക്കിലേറ്റാനാണ് കോടതി വിധിക്കുന്നതെങ്കിൽ അതിനും തനിക്ക് വിരോധമൊന്നുമില്ല’ എന്ന് സഞ്ജയുടെ അമ്മ മാലതി റോയ് പറഞ്ഞു.
സഹോദരൻ ഇത്തരത്തിലുള്ള ക്രൂര പ്രവർത്തികൾ ചെയ്തെന്ന് ചിന്തിക്കാൻ പോലും തനിക്ക് കഴിയുന്നില്ലന്ന് സഹോദരി സബിത പറഞ്ഞു. ഇത് പറയുമ്പോഴും എനിക്ക് ഹൃദയം തകരുന്ന വേദനയുണ്ട്. എന്നെപോലെ തന്നെ ഒരു സ്ത്രീയും ഡോക്ടറുമാണ് കൊല്ലപ്പെട്ട പെൺകുട്ടി. കിട്ടാവുന്നതിൽ ഏറ്റവും വലിയ ശിക്ഷ തന്നെ അവന് നൽകണം” എന്ന് സബിത കൂട്ടിച്ചേർത്തു.
സഞ്ജയ് അറസ്റ്റിലായ ദിവസം മുതൽ വീടിന് പുറത്തേക്ക് പോലും ഞങ്ങൾക്കിറങ്ങാൻ സാധിച്ചിട്ടില്ല. അയൽവാസികളൊക്കെ ഞങ്ങളുടെ കുടുംബത്തെ കുറിച്ച് മോശം വാക്കുകളാണ് പറയുന്നത്. ഞാൻ എന്നും അമ്പലത്തിൽ പോകുമായിരുന്നു. എന്നാൽ ഇതിന് ശേഷം അതും നിർത്തേണ്ടി വന്നു. ഭർത്താവിന്റെ വീട്ടിൽ നിന്നുവരെ പലതരം കുത്തുവാക്കുകൾ കേൾക്കേണ്ടതായി വന്നെന്നും സബിത പറഞ്ഞു.