ഒരിടവേളയ്ക്ക് ശേഷം ബോളിവുഡ് താരങ്ങളായ അർജുൻ കപൂറും പരിണീതി ചോപ്രയും വീണ്ടും ഒന്നിക്കുന്നു. 2012ൽ പുറത്തിറങ്ങിയ ഇഷ്ക്സാദെ എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരും വീണ്ടും സ്ക്രീനിൽ ഒന്നിക്കുന്നത്. കൃത്യമായി പറഞ്ഞാൽ അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഈ ഒത്തുചേരൽ. കുറച്ച് നാളുകൾക്ക് മുന്പ് ഇരുവരും ഒന്നിക്കുന്നതായി വാർത്തകൾ വന്നിരുന്നു.
എന്നാൽ ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിരുന്നില്ല. സന്ദീപ് ഒൗർ പിങ്കി ഫറാർ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ദിപാകർ ബാനർജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യാഷ് രാജ് ഫിലിംസ് നിർമിക്കുന്ന ചിത്രം ഒരു ഡ്രാമാറ്റിക് ത്രില്ലറായിരിക്കുമെന്നാണു റിപ്പോർട്ട്. രണ്ട് നാട്ടുകാരായ നായികയും നായകനും ഒന്നിക്കുന്നതാണ് ചിത്രം. ചിത്രത്തക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ലെങ്കിലും പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷയുള്ളതായി സംവിധായകൻ പറയുന്നു. ഈ ചിത്രം പുതിയൊരു അനുഭവമായിരിക്കുമെന്നും സംവിധായകൻ പറഞ്ഞു.