കൊച്ചി: അനുമതിയില്ലാതെ നടത്തിയ സിനിമാ ചിത്രീകരണത്തിനിടെ കൊച്ചിയില്‍ കാര്‍ തലകീഴായി മറിഞ്ഞ് നടന്മാര് ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി നടന്മാരായ സംഗീത് പ്രതാപ്, അര്ജുന് അശോകന്, കാര്‍ ഓടിച്ചിരുന്ന സിനിമയുടെ അണിയറ പ്രവര്ത്തകന്, ഭക്ഷണവിതരണ ശൃംഖലയുടെ ജീവനക്കാരന് എന്നിവരുടെ മൊഴി കഴിഞ്ഞ ദിവസം എറണാകുളം സെന്‍ട്രല്‍ പോലീസ് രേഖപ്പെടുത്തി. വാഹനം ഓടിച്ചത് ചിത്രത്തിന്റെ സ്റ്റണ്ട് ടീം അംഗമാണെന്നാണ് വിവരം. ഇയാള്‍ മദ്യപിച്ചിരുന്നില്ലെന്ന് രക്തപരിശോധനയില്‍ തെളിഞ്ഞതായും പോലീസ് പറഞ്ഞു.
അതേസമയം, സിനിമ ഷൂട്ടിംഗിന് അനുമതിതേടി സിനിമാ പ്രവര്‍ത്തകര്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലും സിറ്റി പോലീസ് കമ്മീഷണര്ര്ക്കും അപേക്ഷ നല്‍കിയിരുന്നുവെങ്കിലും പോലീസ് അനുമതി നല്‍കിയിരുന്നില്ല. അനുമതി ലഭിക്കും മുമ്പ് പൊതുനിരത്തില്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാതെ അപകടകരമായരീതിയില്‍ വാഹനമോടിച്ച് ഷൂട്ടിംഗ് നടത്തിയതിനാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്.
മോട്ടോര്‍ വാഹന വകുപ്പ് റിപ്പോര്‍ട്ട് തേടി
സംഭവം മോട്ടോര്‍ വാഹനവകുപ്പും അന്വേഷിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്കാന് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റിനെ ചുമതലപ്പെടുത്തിയതായി ആര്‍ടിഒ പറഞ്ഞു. എംവിഡി സംഘം അപകടത്തില്‍പ്പെട്ട വാഹനം പരിശോധിക്കും. സമീപത്തെ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കും. പോലീസില്‍നിന്നും വിവരങ്ങള്‍ തേടും. റിപ്പോര്‍ട്ട് കിട്ടിയശേഷം നടപടിയെടുക്കുമെന്ന് ആര്‍ടിഒ വ്യക്തമാക്കി.
ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ എറണാകുളം എംജി റോഡില്‍ പത്മാ തീയേറ്ററിന് സമീപമായിരുന്നു അപകടം. ബ്രോമാന്‍സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. സിനിമയിലെ നായികയായ മഹിമ നമ്പ്യാരുടെ ഒരു റാഷ് ഡ്രൈവിംഗ് സീന്‍ ഷൂട്ട് ചെയ്യുന്നതിനിടെയായിരുന്നു അപകടം.
പല ടേക്കുകളിലായി ചിത്രീകരിച്ച സീനിന്റെ ഡ്രോണ്‍ ഷോട്ട് എടുക്കുകയായിരുന്നു. അര്ജുന് അശോകന് മുന്‍ സീറ്റിലും സംഗീത് പിന് സീറ്റിലുമായിരുന്നു. ഓവര്‍ടേക്ക് ചെയ്യുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ ഇരുവാഹനങ്ങളും കൂട്ടിയിടിക്കുകയും നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡരികിലെ ബൈക്കില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു.
പ്രദേശത്തുണ്ടായിരുന്നവരും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. കാര്‍ റോഡരുകില്‍ ബൈക്കില്‍ ഇരിക്കുകയായിരുന്ന ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ജീവനക്കാരനെയും ഇടിച്ചു. അപകടത്തില്‍ കഴുത്തിന് പരിക്കേറ്റ സംഗീത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.