കണ്ണൂർ: സ്വർണക്കടത്ത് കേസുകളിലൂടെ കുപ്രസിദ്ധനായ അർജുൻ ആയങ്കിക്കും കുടുംബത്തിനുമെതിരെ ഗാർഹിക പീഡന പരാതി ഉന്നയിച്ച് അർജുന്റെ ഭാര്യ അമല.
ഭർതൃവീട്ടുകാർ കടുത്ത മാനസിക പീഡനമാണ് ഏൽപ്പിക്കുന്നതെന്നും നിർബന്ധപൂർവം ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയെന്നും അമല ആരോപിച്ചു.
ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് യുവതി ഈ വെളിപ്പെടുത്തലുകൾ നടത്തിയത്. താന്‍ ജീവനൊടുക്കിയാൽ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം അര്ജുന് ആയങ്കിയുടെ വീട്ടുകാർക്കാണെന്ന് യുവതി പറഞ്ഞു.
ആദ്യ തവണ അര്ജുന് ജയിലില്‍ കിടന്ന സമയത്തെല്ലാം വീട്ടില്‍ വലിയ പീഡനമാണ് അനുഭവിച്ചത്. തന്നെയും അര്‍ജുനെയും തമ്മില്‍ തെറ്റിക്കാന്‍ ഏറ്റവും കൂടുതല്‍ പണിയെടുത്തത് ആയാളുടെ സഹോദരനും അമ്മയുമാണ്.
തന്റെ കഴുത്തില്‍ കിടക്കുന്ന താലി രണ്ടാമത്തെയാണ്. ആദ്യത്തെ താലി വിറ്റുവെന്നാണ് തന്നോട് പറഞ്ഞിട്ടുള്ളത്. അതേക്കുറിച്ച് യാതൊരു ധാരണയുമില്ല.
മകന് വെളുത്ത സുന്ദരിയായ പെണ്ണിനെ കിട്ടുമെന്ന് പറഞ്ഞ് പീഡിപ്പിക്കുമായിരുന്നു. വെളുക്കാന്‍ വേണ്ടിയുള്ള ചികിത്സയ്ക്കായി പോയിട്ടുണ്ട്.
ഗർഭിണിയായ വേളയിൽ തന്റെ അനുവാദമില്ലാതെ ഗർഭച്ഛിദ്രത്തിനായി ആശുപത്രിയിലെത്തിച്ചു. നിർബന്ധപൂർവം ഗർഭച്ഛിദ്രം നടത്തി.
സമാനമായ സാഹചര്യത്തിൽ അർജുൻ നേരത്തെ ഇവിടെ വന്നിട്ടുണ്ട് എന്ന് ഡോക്ടര്‍ പറഞ്ഞതായും യുവതി വെളിപ്പെടുത്തി.
സ്വർണക്കടത്ത്, കുഴൽപ്പണമിടപാട് തുടങ്ങിയ കാര്യങ്ങളിൽ അർജുൻ വ്യാപൃതനാണെന്ന വിവരം അറിയാമായിരുന്നുവെന്നും തന്നോട് ഇതെല്ലാം വെളിപ്പെടുത്തിയിരുന്നതായും യുവതി പറഞ്ഞു.
സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.