സ്വന്തം ലേഖകൻ
കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്തു കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത കണ്ണൂർ അഴീക്കോട് സ്വദേശി അർജുൻ ആയങ്കി പാർട്ടികാർക്കിടയിൽ അറിയപ്പെടുന്നത് ” കായംകുളം കൊച്ചുണ്ണി’ എന്ന പേരിൽ.
പൊട്ടിച്ചെടുക്കുന്ന സ്വർണത്തിൽ നിന്നും ലഭിക്കുന്ന വരുമാനം സിപിഎം പ്രവർത്തകരായ പാവങ്ങളെ സഹായിക്കാനായിരുന്നു ഉപയോഗിച്ചിരുന്നത്. സ്വന്തം പണം മുടക്കി വീടുകൾ അടക്കം പാർട്ടിയുടെ പേരിൽ വച്ചു കൊടുത്തു.
അതിനാൽ, സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർക്കിടയിൽ അർജുൻ “കായംകുളം കൊച്ചുണ്ണി’ എന്ന പേരിലാണ് അറിയപ്പെടുന്നത്.
ആഢംബര ജീവിതം നയിച്ചിരുന്ന അർജുൻ ആയങ്കി പാർട്ടിയുടെ യുവ നേതൃത്വത്തിൽ നിന്നും നിരവധി പേരെയാണ് തന്റെ സംഘാംഗങ്ങളാക്കിയിരിക്കുന്നതെന്ന് അന്വേഷണം സംഘത്തിന് വിവരം ലഭിച്ചിരിക്കുന്നത്.
പാർട്ടി ഗ്രാമങ്ങളിലെ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരായ കൊലക്കേസ് പ്രതികളും ക്രിമിനൽക്കേസ് പ്രതികളുമായി ഉറ്റ ചങ്ങാത്തം സ്ഥാപിക്കുന്നവർ വഴിയാണ് പൊട്ടിക്കൽ സംഘത്തിലേക്ക് ആളുകളെ ചേർക്കുന്നത്.
സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ പണം നല്കി സഹായിച്ച് കൂടെ നിർത്തും. അങ്ങനെയാണ്, ഡിവൈഎഫ്ഐ ചെന്പിലോട് മുൻ മേഖലാ സെക്രട്ടറി സി.സജേഷ് അർജുൻ ആയങ്കിയുടെ വലയിലായത്.
കൊയ്യോട് സഹകരണ ബാങ്കിലെ അപ്രൈസറാണ് സജേഷ്. ഇതിനിടെ, അർജുൻ ആയങ്കിയുടെ “പൊട്ടിക്കൽ” സംഘത്തിലുള്ളവരുടെ വിവരങ്ങൾ കണ്ണൂർ സിപിഎം ശേഖരിക്കുന്നുണ്ട്.
ഇവരെ പാർട്ടിയിൽ നിന്നും മാറ്റി നിർത്താൻ ബ്രാഞ്ച് സെക്രട്ടറിമാർക്ക് നിർദേശം നല്കിയിട്ടുണ്ട്.