കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ രണ്ടു പേര് കസ്റ്റംസ് കസ്റ്റഡിയില്‍. മുഹമ്മദ് ഷാഫി, അര്ജുന് ആയങ്കി എന്നിവര്‍ക്ക് സിംകാര്‍ഡ് എടുത്തു നല്കിയ പാനൂര്‍ സ്വദേശി അജ്മൽ, ഇയാളുടെ സുഹൃത്തായ ആഷിഖ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇന്നലെ രാത്രിയോടെയാണ് ഇരുവരേയും കസ്റ്റഡിയില്‍ എടുത്തത്.
പാനൂരിലെ സക്കീനയുടെ മകനാണ് അജ്മല്‍. സ്വര്‍ണക്കടത്ത് സംഘത്തില്‍ ഉള്‍പ്പെട്ട അര്ജുന് ആയങ്കിയും കൂട്ടാളികളും ഉപയോഗിച്ചത് സക്കീനയുടെ പേരിലെടുത്ത നാലു സിം കാര്‍ഡുകളാണെന്ന് തെളിഞ്ഞിരുന്നു. സക്കീനയെ ഇന്നലെ കസ്റ്റംസ് സംഘം ചോദ്യം ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തത്. സക്കീനയെ ചോദ്യം ചെയ്തതോടെ സംഘത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കസ്റ്റസിനു ലഭിച്ചു. സക്കീനയ്ക്കു ഇവരുടെപ്രവര്ത്തനങ്ങളെ കുറിച്ച് കൂടുതല്‍ വിവരമൊന്നുമില്ലായിരുന്നു.
ഇതേ സമയം അര്ജുന് ആയങ്കിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടല്‍ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി കസ്റ്റംസ് ഹൈക്കോടതിയെ സമീപിക്കും. ആയങ്കിയുടേയും മുഹമ്മദ് ഷാഫിയുടേയും വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇരുവരേയും ഒപ്പമിരുത്തി ചോദ്യം ചെയ്യണമെന്നും കസ്റ്റംസ് പറയുന്നു.
അര്ജുന് ആയങ്കിയെ ഒരാഴ്ച കൂടി കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന കസ്റ്റംസിന്റെ ആവശ്യം നേരത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രത്യേക കോടതി തള്ളിയിരുന്നു.
ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. റെയ്ഡില്‍ മുഹമ്മദ് ഷാഫിയുടെ ഒരു ഡയറിയും അര്ജുന് ആയങ്കിയുടെ ഭാര്യ സൂക്ഷിച്ചിരുന്ന ഒരു ഡയറിയും കസ്റ്റംസിന് ലഭിച്ചിരുന്നു.
ഇതു പരിശോധിച്ചതില്‍ നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചുവെന്നാണ് കസ്റ്റംസ് അവകാശപ്പെടുന്നത്. കസ്റ്റംസ് ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യും. ചോദ്യം ചെയ്യുന്നതിനായി മുഹമ്മദ് ഷാഫിയേയും ഇന്നു വിളിപ്പിച്ചിട്ടുണ്ട്.